കോട്ടയം: അര്‍ധരാത്രി വീടിന്റെ ജനല്‍ തുറന്നിട്ടുറങ്ങിയ വീട്ടമ്മയുടെ നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടാവ് കവര്‍ന്നു. രണ്ടാം നിലയിലെ ഷെയ്ഡില്‍ കയറി നിന്ന ശേഷമാണ് പ്രതി ജനലിലൂടെ കയ്യിട്ട് മാല മോഷ്ടിച്ചത്. ഈരാറ്റുപേട്ട ഞേലമ്പാറ ഭാഗത്ത് തോട്ടപ്പള്ളില്‍ എല്‍സിയുടെ വീടിന്റെ രണ്ടാം നിലയില്‍ വാടകയ്ക്കു താമസിക്കുന്ന സ്മിത മോളുടെ മാലയാണ് നഷ്ടപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട ഞേലംമ്പാറ ഭാഗത്ത് ഒറ്റപ്പെട്ട പ്രദേശത്തുള്ള വീടാണ്. രാത്രിയില്‍ വീടിന്റെ ജനല്‍ തുറന്നിട്ട ശേഷമാണ് സ്മിത മോള്‍ കിടന്നുറങ്ങിയിരുന്നത്. രാത്രിയില്‍ മുറിയ്ക്കുള്ളില്‍ നിന്നും ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോഴാണ് സ്മിതയുടെ കഴുത്തില്‍ മാലയില്ലെന്നു കണ്ടെത്തിയത്.
ഉടന്‍ തന്നെ വീട്ടുകാര്‍ ഈരാറ്റുപേട്ട എസ് ഐ എം എസ് രാജീവിനെ വിവരം അറിയിച്ചു. ഈരാറ്റുപേട്ട, പാലാ പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് പരിശോധന നടത്തി. എന്നാല്‍ വിശാലമായ റബര്‍ തോട്ടവും കാടും നിറഞ്ഞ പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മോഷണത്തിനു പിന്നില്‍ പരിസരത്തെ നന്നായി അറിയാവുന്നവര്‍ തന്നെയാണെന്നാണ് പൊലീസ് നിഗമനം. മുന്‍പ് പ്രദേശത്തു തന്നെയുള്ള മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അയര്‍ക്കുന്നം നീറിക്കാട് വീട്ടുകാരെ ആക്രമിച്ചു കവര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാടോടി മോഷണ സംഘങ്ങള്‍ ഞേലമ്പാറയിലും എത്തിയോ എന്ന് നാട്ടുകാര്‍ സംശയിക്കുന്നുണ്ട്. എന്നാല്‍ ആശങ്കയ്ക്കു അടിസ്ഥാനമില്ലെന്നും ഈരാറ്റുപേട്ടയിലെ കവര്‍ച്ചയ്ക്കു പിന്നില്‍ പ്രദേശവാസികളോ, പ്രാദേശിക മോഷ്ടാക്കളോ തന്നെയാകുമെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.
