വിദേശ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെ കപ്പല്‍ അറസ്റ്റ് ചെയ്യും. അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായ കേസാണിത്. അതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ക്യാപ്റ്റനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളില്‍ എടുത്തുചാടി നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിലെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാണാതായ മത്സ്യബന്ധന തൊഴിലാളിയെ കണ്ടെത്തുന്നതിനുവേണ്ടി നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകളും വിമാനങ്ങളും തിരച്ചില്‍ നടത്തുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനാണ് ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ അതിനുശേഷം മാത്രമെ ഉണ്ടാകൂ. കപ്പല്‍ കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ എത്തിക്കുമെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. ക്യാപ്റ്റന്‍ അടക്കമുള്ള കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കമെന്നാണ് സൂചന.
ബോട്ടില്‍ ഇടിച്ചശേഷം ലൈറ്റുകള്‍ അണച്ച് കപ്പല്‍ സംഭവ സ്ഥലത്തുനിന്ന് കടന്നുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു. അപകടം നടന്ന സമയത്ത് തൊട്ടുത്ത് ഉണ്ടായിരുന്ന മറ്റൊരു ബോട്ടിലെ ജീവനക്കാരാണ് മത്സ്യബന്ധന തൊഴിലാളികളെ രക്ഷപെടുത്തിയത്. പുതുവൈപ്പിനില്‍നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.
