എ ടി എം കവര്‍ച്ച: പ്രതിയെ ചെറിയനാട്ട് എത്തിച്ച് തെളിവെടുത്തു

ചെങ്ങന്നൂര്‍: ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ ചെറിയനാട്ടും തിരുവന്തപുരം ജില്ലയില്‍ കഴക്കൂട്ടത്തുമുള്ള എസ്ബിഐ എ ടി എമ്മുകള്‍ തകര്‍ത്ത് 13.87 ലക്ഷം രൂപ മോഷണം നടത്തുകയും മാരാരിക്കുളം, രാമപുരം എന്നീയിടങ്ങളിലെ എ ടി എമ്മുകളില്‍ മോഷണ ശ്രമം നടത്തുകയും ചെയ്ത കേസില്‍ ഡല്‍ഹില്‍ പിടിയിലായ പ്രധാന പ്രതി സുരേഷ് കുമാറിനെ (37) ചെറിയനാട് പടനിലം ജംഗ്ഷനിലെ മോഷണം നടന്ന എ ടി എമ്മില്‍ എത്തിച്ച് തെളിവെടുത്തു.

എ ടി എം തുറന്ന രീതിയും മോഷണ സംഘം എത്തിയ വാഹനം പാര്‍ക്കു ചെയ്തിരുന്ന സ്ഥലവും ഇയാള്‍ പൊലീസിന് കാട്ടിക്കൊടുത്തു. തെളിവെടുപ്പുകള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ നല്‍കി.

ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നും സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു ലക്ഷം രൂപായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും ഇന്നലെ കോടതിയില്‍ ഹാജരാക്കി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ ആര്‍ ശിവസുതന്‍പിളള, എസ്‌ഐ എം സുധിലാല്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

ഒളിവില്‍ കഴിയുന്ന ഡല്‍ഹി അര്‍ കെ പുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍റ്റബിള്‍ അസ്ലൂപ് ഖാന്‍, രാജസ്ഥാന്‍ ആള്‍വാര്‍ സ്വദേശികളായ ഷാഹിദ്, സലിം, ഹരിയാന സോനാ സ്വദേശിയായ സുലൈമാന്‍ എന്നിവര്‍ക്കുവേണ്ടി ദില്ലി ഹരിയാന പൊലീസിനൊപ്പം കേരളാ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡും തിരച്ചില്‍ നടത്തുകയാണ്. പിടിയിലായ സുരേഷാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നോട്ടിന് തീപിടിക്കാതെ എ ടി എം അറത്തുമാറ്റിയതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ചെങ്ങന്നൂര്‍ ആലാ പെണ്ണുക്കര കനാല്‍ ജംഗ്ഷന് സമീപം ഇടയിലേത്ത് വീട്ടില്‍ സുരേഷ്‌കുമാര്‍ കഴിഞ്ഞ 15 വര്‍ഷമായി ഡല്‍ഹിയിലാണ് സ്ഥിര താമസം. ചെങ്ങന്നൂരില്‍ വിവിധ വാഹന മോഷണ കേസുകളില്‍ പ്രതിയായതോടെയാണ് സുരേഷ് ഡല്‍ഹിയിലേക്ക് പോയത്്. ജ്യേഷ്ഠനോടൊപ്പം ഇവിടെ ഇന്‍വര്‍ട്ടര്‍ ബിസ്സിനസ്സാണ് ആദ്യകാലത്ത് നടത്തിയിരുന്നത്. തുടര്‍ന്ന് ജ്യോഷ്ഠന്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും സുരേഷ് ബിസ്സിനസ്സുമായി ഇവിടെതന്നെ തങ്ങി.

ചെങ്ങന്നൂര്‍ കോടതിയില്‍ മൂന്ന് ക്രിമിനല്‍ കേസുകളാണ് ഇയാളുടെ പേരില്‍ നിലവിലുളളത്. ഇവയില്‍ വാറണ്ട് പ്രതിയാണ് സുരേഷ്. അര്‍ കെ പുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍റ്റബിള്‍ അസ്ലൂപ് ഖാനെ സ്റ്റേഷനിലെ ഇന്‍വര്‍ട്ടര്‍ ശരിയാക്കാന്‍ എത്തിയപ്പോഴാണ് സുരേഷ് പരിചയപ്പെടുന്നത്. ഈ അടുപ്പമാണ് പിന്നീട് ഇരുവരും ചേര്‍ന്നുളള മോഷണ പരമ്പരകളിലേക്ക് എത്തിയത്. താന്‍ ദില്ലി പൊലീസിലെ എസ് ഐ ആണ് എന്ന് നാട്ടുകാരെ തെറ്റദ്ധരിപ്പിച്ച് സ്വന്തമായി ഓഫീസ് ആരംഭിച്ച് ക്രിമിനലുകളുമായി ചേര്‍ന്ന് മോഷണം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ അസ്ലൂപ് ഖാന്‍ നടത്തിയിരുന്നതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ സുരേഷ് ഇത്തരം കാര്യങ്ങളില്‍ മുതല്‍ക്കൂട്ടായി. കേരളം പോലെ എ ടി എമ്മുകള്‍ക്ക് സുരക്ഷ കുറവായ സ്ഥലത്ത് എത്തി കവര്‍ച്ച നടത്തുന്നതിന് സ്ഥലപരിചയമുളള ആളുതന്നെ വേണം എന്നത് കൂടാതെ എ ടി എം മെഷീനുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നോട്ടുകള്‍ കത്തിപോകാതെ മുറിക്കുന്നതിനും സുരേഷിന് പ്രത്യേക കഴിവുണ്ട്. ഇതാണ് സുരേഷിനെ കൂട്ടി കേരളത്തിലെ എ ടി എമ്മുകള്‍ ലക്ഷ്യമാക്കി മോഷണ സംഘം എത്തിയത്.

സുരേഷ് ഉള്‍പ്പെടുന്ന ഡല്‍ഹി കേന്ദ്രമാക്കിയ മോഷണ സംഘത്തിലെ ചില പ്രതികള്‍ തിഹാര്‍, ഹൈദരാബാദ് ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ചത് സുരേഷിന്റെ ഉടമസ്ഥതിയിലുളള ഇന്നോവ കാറാണ്. ഇതില്‍ കായംകുളം സ്വദേശിയായ ഒരു ഡോക്ടറുടെ കാറിന്റെ നമ്പരാണ് ഉപയോഗിച്ചിരുന്നത്. ഈ കാറിനെ ചുറ്റിപ്പറ്റിയുളള അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായകരമായതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *