പനാമ രേഖകള്‍: ഷെരീഫ് അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകും

ഇസ്ലാമാബാദ്: പാനമ പേപ്പര്‍ ആരോപണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സംയുക്ത അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകും. കണക്കില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് നവാസ് ഷെരീഫിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരായി കേസ്. ഇതോടെ, പ്രധാനമന്ത്രിപദത്തിലിരിക്കെ അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകുന്ന ആദ്യത്തെ പാകിസ്താന്‍ പ്രധാനമന്ത്രിയാകും നവാസ് ഷെരീഫ്.

ഇസ്ലാമാബാദിലെ ഫെഡറല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി വ്യാഴാഴ്ച ഹാജരാകാനാണ് ഷരീഫിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ധനമന്ത്രി ഇഷാഖ് ദാറിനോടും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാനമ രേഖകളുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പാകിസ്താന്‍ സുപ്രീം കോടതി ഒരു സംയുക്ത അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഷരീഫിനെയും അദ്ദേഹത്തിന്റെ മകനെയും ആവശ്യമെങ്കില്‍ മറ്റു കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നതിന് അനുമതിയും നല്‍കിയിരുന്നു. ഷരീഫിന്റെ മക്കളായ ഹുസ്സൈന്‍ നവാസ്, ഹസ്സന്‍ നവാസ്, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വാജിദ് സിയ തലവനായ അന്വേഷണ സമിതിക്കുമുന്നില്‍ ഹാജരായിരുന്നു.

കഴിഞ്ഞ വര്‍ഷം ആദ്യമാണ് നവാസ് ഷെരീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കളുണ്ടെന്ന പാനമ രേഖകള്‍ പുറത്തുവന്നത്. ഷെറീഫിന്റെ നാലു മക്കളില്‍ മൂന്നുപേരുടെ പേരാണ് പാനമ പേപ്പറില്‍ പരാമര്‍ശിച്ചിരുന്നത്. ആരോപണങ്ങള്‍ ഷെരീഫും കുടുംബവും നിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *