ആവശ്യങ്ങളുടെ നീണ്ടനിരയുമായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിവേദനം

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു മുന്നില്‍ ഭാവി പദ്ധതികളുടെയും ആവശ്യങ്ങളുടെയും നീണ്ട പട്ടിക നിരത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം പ്രധാനമന്ത്രിക്ക് കൈമാറിയത്. 2,577 കോടി രൂപ ചെലവ് വരുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കണമെന്നും കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് എത്രയും വേഗം അംഗീകാരം നല്‍കണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് ലൈറ്റ് മെട്രോ സംബന്ധിച്ച അപേക്ഷ 2015ലാണ് നഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചതെന്നും അതിനാല്‍ പദ്ധതിക്ക് എത്രയും വേഗം അംഗീകാരം ലഭിക്കണമെന്നും നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രധാന കേന്ദ്ര പൊതുമേഖലാ കമ്പനികളായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്‌സ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, എച്ച്എല്‍എല്‍ എന്നിവ സ്വകാര്യവല്‍ക്കരിക്കരുത്, ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം നടപ്പാക്കാനുദ്ദേശിക്കുന്ന അങ്കമാലി ശബരി റെയില്‍വേ ലൈന്‍ റെയില്‍വെയുടെ 100 ശതമാനം മുതല്‍ മുടക്കില്‍ നടപ്പാക്കണം, കേരളത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിക്കണം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് അവിടേക്ക് വിദേശ വിമാന കമ്പനികളെ അനുവദിക്കണം. എന്നിവയാണ് നിവേദനത്തിലെ സുപ്രധാന ആവശ്യങ്ങള്‍.

മുഖ്യമന്ത്രി സമര്‍പ്പിച്ച നിവേദനത്തിലെ മറ്റ് പ്രധാന ആവശ്യങ്ങള്‍

* അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേഗത്തില്‍ അംഗീകാരം ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം.

* ചെന്നൈബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണം.

* ഫാക്ടില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കി 8 ലക്ഷം ടണ്‍ ശേഷിയുള്ള യൂറിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് വളം മന്ത്രാലയത്തിന്റെ ഫണ്ട് അനുവദിക്കണം.

* കൊച്ചിയില്‍ പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് വേഗം അംഗീകാരം ലഭിക്കണം.

* കൊച്ചി സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ വികസിപ്പിക്കണം. ഇതിനായി 200 ഏക്കര്‍ സ്ഥലം കൂടി അനുവദിക്കണം.

* സബര്‍ബന്‍ റെയില്‍ പ്രൊജക്ട്, തലശ്ശേരി മൈസൂര്‍ റെയില്‍വെ ലൈന്‍ എന്നിവയുള്‍പ്പടെ കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിക്കണം.

* നവകേരളം കര്‍മ്മ പദ്ധതിക്കും നാലു മിഷനുകള്‍ക്കും കേന്ദ്ര സഹായം ലഭ്യമാക്കണം.

* എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കണം.

* കോവളംകാസര്‍ഗോഡ് ജലപാതക്ക് അമ്പതുശതമാനം കേന്ദ്രസഹായം ലഭ്യമാക്കണം.

* തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമവികസന മന്ത്രാലയത്തില്‍നിന്ന് കേരളത്തിന് 636 കോടി രൂപ കുടിശ്ശികയുണ്ട്. ഈ തുക പെട്ടെന്ന് ലഭ്യമാക്കണം.

* ദേശീയ ഗ്രാമീണവികസന കുടിവെളള പരിപാടി (ചഞഉണജ) പൂര്‍ത്തിയാക്കുന്നതിന് 500 കോടി രൂപ ഒറ്റത്തവണ സഹായമായി അനുവദിക്കണം.

* അലങ്കാര മത്സ്യ കൃഷിയേയും വില്‍പനയെയും പ്രദര്‍ശനത്തെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം. ലക്ഷക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന വിജ്ഞാപനം സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായും കേന്ദ്രം ചര്‍ച്ച നടത്തണം.

Leave a Reply

Your email address will not be published. Required fields are marked *