കുമ്മനം മെട്രോയില്‍ കയറിയത് സുരക്ഷാ വീഴ്ച, പരിശോധിക്കണം: കടകംപ്പള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മെട്രോ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള നാട മുറിക്കല്‍ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന് ദേവസ്വംമന്ത്രി കടകംപ്പള്ളി പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി.ജി പരിശോധിക്കണം.

സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാന്‍ ഇ.ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഇ.ശ്രീധരന്‍, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേര്‍ത്ത് കാണണം. സ്ഥലം എം.എല്‍.എ പി.ടി.തോമസിനെ ഉള്‍പ്പെടുത്താനും തയ്യാറായില്ല. ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണം. ഇതാദ്യമായല്ല പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം ഞാന്‍ പങ്കെടുത്ത മറ്റൊരു വേദിയിലും ഇതേ വ്യക്തി യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല ഇവിടെ പറയുന്നത്. ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായ പ്രോട്ടോക്കോള്‍ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവര്‍ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *