കൊച്ചി: പുതുവൈപ്പിനില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് നേരെ വീണ്ടും പൊലീസ് ലാത്തിചാര്‍ജ്ജ്. പൊലീസും നാട്ടുകാരും തമ്മില്‍ നടന്ന ബലപ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടെയും തലയ്ക്കാണ് പരുക്ക്. പരുക്കേറ്റവര്‍ ഉള്‍പ്പെടെ അന്‍പതോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
കഴിഞ്ഞദിവസം സമരക്കാരുമായി മന്ത്രി മേഴ്സിക്കുട്ടി സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയില്‍ നല്കിയ ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ മുതല്‍ നാട്ടുകാര്‍ സമരം പുനരാരംഭിച്ചത്. കഴിഞ്ഞദിവസവും നാട്ടുകാര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി മെഴ്സിക്കുട്ടിയമ്മ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറായത്.
മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും പ്ലാന്റിനെതിരായ കേസ് പരിഗണിക്കുന്നതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ചര്‍ച്ചയില്‍ നല്കിയ പ്രധാന ഉറപ്പുകള്‍. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുമ്പോള്‍ ചര്‍ച്ച നടത്താമെന്നായിരുന്നു ഉറപ്പ്. സമരസമിതിയും വരാപ്പുഴ അതിരൂപത ആക്ഷന്‍ കൗണ്‍സിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നില്ലെന്നു മാത്രമല്ല ഇന്ന് പൊലീസ് സംരക്ഷണയില്‍ ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
ചര്‍ച്ച നടക്കുന്നത് വരെ പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കുമെന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഉറപ്പും ഇന്നലെ ലംഘിക്കപ്പെട്ടു. ഇത്തരം ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭപരിപാടികളും ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതും നാട്ടുകാര്‍ സമരം പുനരാരംഭിച്ചതും.
