ചെന്നൈ: ദയാവധത്തിന് അനുമതി തേടി രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി റോബര്‍ട്ട് പയസ് കത്തുനല്‍കി. പുഴല്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്കാണ് അദ്ദേഹം കത്തു നല്‍കിയിരിക്കുന്നത്. 26 വര്‍ഷമായി ജയിലില്‍ കഴിയുന്ന തനിക്ക് ഇനി മോചനം സാധ്യമാകില്ലെന്ന് മനസിലായെന്നും അതിനാല്‍ ദയാവധം അനുവദിക്കണമെന്നുമാണ് പയസ് കത്തില്‍ ആവശ്യപ്പെടുന്നത്. ബുധനാഴ്ചയാണ് ഇദ്ദേഹം കത്ത് അയില് അധികൃതര്‍ക്കു കൈമറിയത്. ജയില്‍ അധികൃതര്‍ കത്ത് ഡിജിപിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
ശാന്തന്, മുരുകന്, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, പേരറിവാളന്, നളിനി എന്നിവരാണ് രാജീവ് വധത്തില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്നത്. റോബര്‍ട്ട് പയസ് ശ്രീലങ്കന്‍ സ്വദേശിയാണ്.
1991 മേയ് 21ന് ശ്രീപെരുമ്ബത്തൂരില്വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ എല്‍ടിടിഇ പ്രവര്‍ത്തകരായ 26 പ്രതികളെ ടാഡ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇവരില്‍ നളിനിയടക്കം നാലുപേരുടെ വധശിക്ഷ 1999ല്‍ സുപ്രീംകോടതി ശരിവെച്ചു. എന്നാല്‍, 15 വര്‍ഷത്തിനുശേഷം ശാന്തന്, പേരറിവാളന്, മുരുകന് എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷയും രാജിവ് ഗാന്ധിയുടെ ഭാര്യയുമായ സോണിയാഗാന്ധി ഇടപെട്ടതിനെത്തുടര്‍ന്നാണ് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയത്.
2014 ഫെബ്രുവരി 18നാണ് ശാന്തന്, പേരറിവാളന്, മുരുകന് എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയത്. തൊട്ടുപിന്നാലെ, ജയലളിത സര്‍ക്കാര്‍ ഏഴുപേരെയും മോചിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പായില്ല.
