നിര്‍മ്മല സീതാരാമന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്

കോട്ടയം: കേരളത്തിലെ റബര്‍ ഉല്‍പാദക മേഖലയില്‍ നിന്നുളള എം.പിമാരുമായി ആലോചിച്ചാണ് റബര്‍ സംബന്ധമായ എല്ലാ നടപടികളും എടുത്തതെന്ന കേന്ദ്ര വാണിജ്യ  വ്യവസായ സഹമന്ത്രി നിര്‍മ്മല സീതാരാമന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ്ജ്. കുടുംബങ്ങളില്‍ പട്ടിണി വരെയായി ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍. മന്ത്രി പറഞ്ഞത് സത്യമെങ്കില്‍ കേരളത്തിലെ പ്രധാനപ്പെട്ട റബര്‍ ഉല്‍പാദക മേഖലയില്‍നിന്നുളള ഇടുക്കി, കോട്ടയം, പത്തനംതിട്ട എം.പി. മാര്‍ കൊടിയ വഞ്ചനയാണ് റബര്‍ കര്‍ഷകരോട് ചെയ്തിരിക്കുന്നത്. ടയര്‍ വ്യവസായികളുമായി ചര്‍ച്ച നടത്തുവാന്‍ എം.പി. മാരോട് നിര്‍ദ്ദേശിച്ചു എന്ന് കേന്ദ്ര മന്ത്രി പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ, കര്‍ഷക സംഘടനകളോടൊ ആലോചിക്കാതെ എന്തു ചര്‍ച്ചയാണ് എം.പി. മാര്‍ ടയര്‍ വ്യവസായികളുമായി നടത്തിയതെന്ന് വ്യക്തമാക്കണം. വിദേശത്ത് നിന്നുമുളള റബറിന്റെ ഇറക്കുമതിയുടെ തോതും, ഇറക്കുമതി ചുങ്കത്തിന്റെ നിരക്കും ടയര്‍ വ്യവസായികളുടെ നിര്‍ദ്ദേശാനുസരണമാണ് നടന്നതെന്ന് ഇതോടെ നിസംശംയം തെളിഞ്ഞിരിക്കുകയാണ്.

ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ വില വിപണിയില്‍ കുത്തനെ താഴാന്‍ ഇടയായതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നുളള ആരോപണം ശരിയാണെന്ന് വരികയാണ്.

റബറിന് താങ്ങുവില പ്രായോഗികമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന്റെ പിന്നിലും ഈ മൂന്ന് എം.പി. മാര്‍ക്ക് പങ്ക് ഉണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. റബര്‍ ബോര്‍ഡ് ആസ്ഥാനവും ഇതര ഓഫീസുകളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റി കൊണ്ടുപോകുവാനുളള കേന്ദ്ര സര്‍ക്കാരിന്റെ ആലോചനകള്‍ക്ക് ഊര്‍ജ്ജം പകരുന്നതും ഈ എം.പി. മാര്‍ തന്നെ.

ഇവര്‍ അറിയാതെ ഒരു നയവും നടപ്പിലാക്കിയിട്ടില്ലെന്ന വസ്തുത പുറത്ത് വരുമ്‌ബോള്‍ കേരളത്തിന്റെ സമ്ബദ് ഘടനതന്നെ തകര്‍ക്കുവാനുളള വലിയ ഗൂഢാലോചനയിലും ഇവര്‍ സജീവമായി പങ്കാളികളാണെന്ന് സംശയിക്കേണ്ടിവരുമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.

കേരള ജനപക്ഷം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. ഭാസ്‌കരന്‍ പിളള, ജോസ് കോലോടി, മുഹമ്മദ് സക്കീര്‍, മാലേത്ത് പ്രതാപചന്ദ്രന്‍, ഷൈജോ ഹസന്‍, ആന്റണി മാര്‍ട്ടിന്‍, സെബി പറമുണ്ട, രവി മൈനാകപ്പള്ളി, കെ.ഒ.രാജന്‍, ജോര്‍ജ്ജ് കൊടിത്തോട്ടം, ലിസി സെബാസ്റ്റ്യന്‍, റോബിന്‍ മൈലാടൂര്‍, സി.കെ. മുഹമ്മദ് അലി, നിഷ എന്‍.എസ്., റിസ്വാന്‍ കോയ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *