നിലമ്പൂര്‍: കേരളത്തെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ആദ്യ സംസ്ഥാനമായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പ്രഖ്യാപിക്കുമ്പോള്‍ ഒമ്പത് വര്‍ഷം മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ നിലമ്പൂര്‍ ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുന്നു. 2008 ജനുവരി എട്ടിനാണ് അന്നത്തെ ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ നിലമ്പൂര്‍ ഗ്രാമപഞ്ചായത്തിനെ ഇന്ത്യയിലെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ 2006ല്‍ തുടക്കമിട്ട ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ ജനകീയ സര്‍വേ നടത്തി കണ്ടെത്തിയ 1957 പേരെയാണ് വീടിനും സമീപപ്രദേശങ്ങളിലും ഒരുക്കിയ 160തോളം പഠനകേന്ദ്രങ്ങളിത്തെിച്ച് ചിട്ടയൊപ്പിച്ച പരിശീലനത്തിലൂടെ നാലാം ക്ലാസ് യോഗ്യതനേടിക്കൊടുത്തത്. സാക്ഷരതാമിഷന്‍ നടത്തിയ പരീക്ഷയില്‍ യുജി.സി സഹായത്തോടെ കാലിക്കറ്റ് സര്‍വകലാശാല വയോജന വിദ്യാഭ്യാസവിഭാഗവും സംസ്ഥാന സര്‍ക്കാരും ബാഹ്യമൂല്യനിര്‍ണയം നടത്തിയാണ് 1957 പേരും നാലാം ക്ലാസ് പാസായതായി കണ്ടെത്തിയത്. ദേശീയ സാക്ഷരതാ കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ വന്ദന ജന നിലമ്പൂരിലെത്തി വസ്തുതകള്‍ പരിശോധിച്ച് നിലമ്പൂരിനെ ഇന്ത്യയിലെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസമുള്ള ആദ്യ നഗരസഭയായി അംഗീകരിച്ചു. തുടര്‍ന്നായിരുന്നു ഗവര്‍ണറെ പങ്കെടുപ്പിച്ചുകൊണ്ടുള്ളപ്രഖ്യാപനം. നാലാം ക്ലാസ് പാസായവര്‍ വെറുതെയിരുന്നില്ല. ഇതിനിടെ നിലമ്പൂര്‍ പഞ്ചായത്ത് നഗരസഭയായതോടെ ആദ്യ നഗരസഭാ ചെയര്‍മാനായി ആര്യാടന്‍ ഷൗക്കത്തെത്തി. ഇതോടെ 35 വയസില്‍താഴെയുള്ള നഗരസഭയിലെ മുഴുവന്‍പേര്‍ക്കും പത്താം ക്ലാസ് യോഗ്യനേടിക്കൊടുക്കാന്‍ സമീക്ഷ എല്ലാവര്‍ക്കും പത്താം ക്ലാസ് പദ്ധതി ആരംഭിച്ചു.
രാത്രി ക്ലാസും പകല്‍ക്ലാസും അവധി ദിന ക്ലാസുകളുമായി 80 പഠനകേന്ദ്രങ്ങള്‍ തുറന്നു. വീട്ടമ്മമാര്‍ കൈക്കുഞ്ഞുങ്ങളുമായി വരെ ക്ലാസുകളിലെത്തി. കുഞ്ഞിനെ ക്ലാസ് മുറിയുടെ ഓരത്ത് തൊട്ടില്‍കെട്ടി ഉറക്കി അമ്മ പഠിക്കുന്ന അപൂര്‍വ്വ കാഴ്ചക്കും നിലമ്പൂര്‍ സാക്ഷിയായി. പഠനം പാതിവഴി നിലച്ച 2012 പേര്‍ തുല്യതാപരീക്ഷ വിജയിച്ച് പത്താം ക്ലാസ് യോഗ്യതനേടി. 35വയസുവരെയുള്ള മുഴുവന്‍ പേര്‍ക്കും പത്താം ക്ലാസ് യോഗ്യതയെന്ന അപൂര്‍വ്വ നേട്ടവും നിലമ്പൂര്‍ നഗരസഭ സ്വന്തമാക്കി. പത്താം ക്ലാസ് പഠിച്ചവര്‍ക്ക് തുടര്‍ന്നും പഠിക്കാനായാണ് സമീക്ഷ പ്ലസ്ടു പദ്ധതി ആരംഭിച്ചത്. ഇപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരാണ് പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് പ്ലസ്ടുവിന് പഠിക്കുന്നത്.


