19,000 കോടിയുടെ വിദേശ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി ജയ്റ്റ്‌ലി

ന്യൂഡല്‍ഹി:  ആദായ നികുതി വകുപ്പ് 19,000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍.സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചപ്പോഴാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അറിയിച്ചു. ഐസിഐജെ (ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ്) പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ധനമന്ത്രി ജയ്റ്റ്‌ലി പറഞ്ഞു.

നികുതി നല്‍കാതെയും ചെറിയ നികുതി മാത്രം നല്‍കിയും ഏതാണ്ട് 700 അക്കൗണ്ടുകളിലായി 11,010 കോടി രൂപയാണ് വിദേശരാജ്യങ്ങളിലെ ബാങ്കുകളില്‍ വെളിപ്പെടുത്താതെ നിക്ഷേപിച്ചിരിക്കുന്നത്. 31 കേസുകളിലായി 72 പ്രോസിക്യൂഷന്‍ പരാതികള്‍ ക്രിമിനല്‍ കോടതികളിലുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

 

പാനമ രേഖകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്ത്യക്കാരുടെ വിദേശരാജ്യങ്ങളിലുള്ള സ്വത്തിന്റെ കണക്ക് കണ്ടെത്താന്‍ 2016 ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ മള്‍ട്ടി ഏജന്‍സി ഗ്രൂപ്പ് (എംഎജി) എന്ന പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ശക്തമായ അന്വേഷണങ്ങളുടെ ഫലമായി വെളിപ്പെടുത്താത്ത 8437 കോടിരൂപയ്ക്ക് നികുതി ഈടാക്കാന്‍ സാധിച്ചു. മേയ് 2017 വരെയുള്ള കണക്കാണ് ഇത്. 162 കേസുകളിലായി 1,287 കോടി രൂപ നികുതിയായി ലഭിച്ചെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *