തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്ന നിലപാടില്‍ നിന്ന് ഹൈക്കോടതിയിലെ അഭിഭാഷകര്‍ പിന്നോട്ട്. എന്നാല്‍ തലസ്ഥാനത്തെ കോടതികളില്‍ ഇപ്പോഴും അഭിഭാഷകരുടെ മാധ്യമ വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വകാര്യ ആവശ്യത്തിന് കോടതി വളപ്പില്‍ നിന്ന് മുദ്രപ്പത്രം വാങ്ങാനെത്തിയ മാധ്യമ പ്രവര്‍ത്തകനെപ്പോലും തിരിച്ചറിഞ്ഞ അഭിഭാഷകര്‍ ഇറക്കിവിട്ടു.
ഹൈക്കോടതിയിലെ പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പേരുകളുള്‍പ്പെടെ മാധ്യമങ്ങള്‍ തമസ്കരിക്കാന്‍ തുടങ്ങിയതോടെയാണ് അഭിഭാഷകര്‍ മെരുങ്ങിയത്. തങ്ങളുടെ കേസുകളേക്കുറിച്ചും തങ്ങള്‍ ഹാജരാകുന്നതിനെക്കുറിച്ചും അനൂകൂല വിധികളേക്കുറിച്ചും മാധ്യമപ്രവര്‍ത്തകരോട് പറയുകയും പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന നിലയിലേക്ക് ഭൂരിഭാഗം അഭിഭാഷകരും എത്തിക്കഴിഞ്ഞു.
അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെ പരസ്യമായി എതിര്‍ത്ത പ്രമുഖ അഭിഭാഷകരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, സി പി ഉദയഭാനു, കാളീശ്വരം രാജ് തുടങ്ങിയവരുടെ പേരുകള്‍ മാത്രമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളില്‍ വരുന്നത്. ഇവരെയാകട്ടെ ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന് ബഹിഷ്കരിക്കുകയുമാണ്. എന്നാല്‍ അവര്‍ക്ക് കേസുകള്‍ക്കും പ്രശസ്തിക്കും കുറവൊന്നുമില്ലതാനും.
ഈ സാഹചര്യത്തില്‍, മാധ്യമങ്ങളുമായുള്ള നിസ്സഹകരണം മൂലം തൊഴില്‍പരമായ നഷ്ടം തങ്ങള്‍ക്കു മാത്രമാണെന്ന് തിരിച്ചറിഞ്ഞ വലിയൊരു വിഭാഗം അഭിഭാഷകരാണ് നിലപാട് മയപ്പെടുത്തിത്തുടങ്ങിയത്. അതേസമയം, ഔദ്യോഗികമായി ഇപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അഭിഭാഷകരുടെ നിലപാട് തുടരുന്നതിനാലും ഹൈക്കോടതിയിലെ മീഡിയാ റൂം തുറന്നുകൊടുക്കാത്തതുകൊണ്ടും വ്യക്തിപരമായി സമീപിക്കുന്ന അഭിഭാഷകരുടെ അഭ്യര്‍ത്ഥനകള്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ ചെവി കൊടുക്കുന്നില്ല.
ഉന്നത നീതിപീഠവും ന്യായാധിപരും മാത്രമല്ല മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടപെട്ടിട്ടും മാധ്യമപ്രവര്‍ത്തകരോടുള്ള നിഷേധാത്മക നിലപാട് അഭിഭാഷകര്‍ തിരുത്തിയിരുന്നില്ല.
