നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടക്കുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡിസിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിന് അനുകൂല റിപ്പോര്‍ട്ട്. ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് സര്‍വ്വേ വിഭാഗം കണ്ടെത്തി. കഴിഞ്ഞ 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിലും പഴയ രേഖകള്‍ ലഭ്യമല്ല. സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കില്‍ അവരുടെ കൈവശമുള്ള പഴയ രേഖകള്‍ സമര്‍പ്പിക്കണം. നിലവില്‍ രേഖകള്‍ പ്രകാരമാണ് ഡി സിനിമാസ് ഭൂമി ദിലീപ് സ്വന്തമാക്കിയത്. ഇതോടെ ദിലീപിനെ മന:പൂര്‍വ്വം ചില കേന്ദ്രങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരിക്കാനും പൊതു സമൂഹത്തില്‍ നടനെതിരായ വികാരമുയര്‍ത്താനും ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായി എന്ന ആക്ഷേപത്തിന് ബലം പകരുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.
ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്ന് കണ്ടെത്തി. കൂടുതല്‍ കൃത്യതയ്ക്കായ് ഇത്തവണ യന്ത്രമുപയോഗിച്ചാണ് അളന്നത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ മൂന്നു വര്‍ഷം മുന്‍പ് ഭൂമി അളന്നതിനെക്കുറിച്ച് പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് അന്നത്തെ കളക്ടര്‍ എംഎസ് ജയ സര്‍വേ വിഭാഗത്തെ വീണ്ടും അളവെടുപ്പിന് നിയോഗിച്ചു.
30 വര്‍ഷത്തെ രേഖകളാണ് അന്നും പരിശോധിച്ചത്. ഇതിനു മുന്‍പുള്ള രേഖകള്‍ പ്രകാരം ഭൂമി രാജകുടുംബം അഗ്രശാല നിര്‍മ്മിക്കാന്‍ നല്‍കിയതാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തിലുള്ള രേഖകളൊന്നും ഹാജരാക്കാനായിട്ടില്ല. ഇത്തവണയും അങ്ങനെ രേഖകളൊന്നും ലഭ്യമായിട്ടില്ല. പല തവണ കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയാണ് ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നതായാണ് സൂചന.
അതേ സമയം ഈ വിഷയത്തില്‍ ആര്‍ക്കു വേണ്ടിയാണ് ദിലീപിനെ കയ്യേറ്റക്കാരനാക്കിയതെന്ന ചോദ്യത്തിന് മാധ്യമങ്ങളും മറുപടി പറയേണ്ടതുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടിന്റെ വിവരങ്ങളറിഞ്ഞ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും അഭിപ്രായപ്പെടുന്നത്. ഒരു കേസില്‍ അറസ്റ്റിലായ വ്യക്തിക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് കൊടും ക്രിമിനലായി ചിത്രീകരിക്കുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ പറ്റില്ലന്നതാണ് ഇവരുടെ നിലപാട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പോലും ദിലീപിനെ കുറ്റാരോപിതനായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും വിചാരണ കോടതി വിധി വരും വരെ അക്കാര്യത്തില്‍ മുന്‍വിധി നല്ലതല്ലന്നുമാണ് നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
