പിണറായി വിജയന്‍ ഭീരു: ഹസന്‍

തിരുവനന്തപുരം: ഒരേസമയം ധാര്‍ഷ്ട്യവും ഭീരുത്വവുമുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചയുടന്‍ രാജ്ഭവനിലെത്തിയത് പിണറായിയുടെ ഭീരുത്വത്തിന് തെളിവാണ്. അല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന പേടി അദ്ദേഹത്തിന് ഉണ്ടായി. അധികാരമോഹമുള്ള ആളാണ് പിണറായി . ഇതെല്ലാം വാര്‍ത്തയായി വന്നതിന്റെ പേരിലാണ് മാദ്ധ്യമങ്ങളോട് ഇത്രയും ധാര്‍ഷ്ട്യം കാട്ടിയതെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പ് തീര്‍ത്തും പരാജയമാണ്.പുലിവിജയനെന്നും മറ്റും വിശേഷിപ്പിച്ച പിണറായി വെറും കടലാസ് പുലിയായി മാറിയിരിക്കുന്നു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഴിമതി സംബന്ധിച്ച് കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടണം.

ഏഴ് മാസത്തിനുള്ളില്‍ 414 പേരാണ് പനിമൂലം മരിച്ചത്.എന്നിട്ടും സര്‍ക്കാര്‍ നിസംഗത കാട്ടുന്നു. ബി.ജെ.പി പ്രവര്‍ത്തകന്റെ മരണത്തിന് കിട്ടിയ ഗൗരവം ഈ പനിമരണങ്ങള്‍ക്ക് കിട്ടിയില്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടത്.സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നിയമവഴി സ്വീകരിക്കും. ആഗസ്റ്റ് ആറിന് മുഖ്യമന്ത്രി വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.ആള്‍ പാര്‍ട്ടി മീറ്രിംഗ് എന്ന് പറഞ്ഞിട്ട് ടു പാര്‍ട്ടി മീറ്റിംഗാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ആക്രമിച്ച പാര്‍ട്ടിയും ആക്രമണത്തിന് ഇരയായ പാര്‍ട്ടിയും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷം മറ്റുള്ളവരെ ചര്‍ച്ചയ്ക്കുവിളിക്കുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും ഹസന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *