ഗോരഖ് പൂര്‍ ആശുപത്രിയിലെ കുട്ടികളുടെ കൂട്ടമരണം; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

മുംബൈ:  ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ കൂട്ടമരണത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സഖ്യകക്ഷി ശിവസേന രംഗത്ത്. യുപിയിലെ കുഞ്ഞുങ്ങളുടെ മരണം കൂട്ടക്കൊലപാതകമാണെന്ന് മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന ആരോപിക്കുന്നു. ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനമാണെന്നും സാമ്‌നയിലൂടെ കുറ്റപ്പെടുത്തുന്നു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെയും മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തി. അധികാരത്തില്‍ എത്തുമ്‌ബോള്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന ‘അച്ഛേദിന്‍’ ഇതുവരെ സാധാരണക്കാര്‍ക്കു വന്നിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

ഇക്കഴിഞ്ഞ ആഗസ്ത് ഒമ്പതിനാണ് ഗോരഖ് പൂര്‍ ആശുപത്രിയില്‍ കൂട്ടികളുടെ മരണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അന്നേദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചിരുന്നുവെങ്കിലും ദുരന്തവിവരം അറിഞ്ഞിരുന്നില്ല. ഇത് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ സുരക്ഷയില്‍ എത്രമാത്രം ഉത്തരവാദിത്തം ഉണ്ട് എന്ന കാര്യം തുറന്നുകാട്ടുന്നു.

ആശുപത്രിയിലെ ഓക്‌സിജന്റെ അഭാവമാണ് മരണത്തിന് കാരണമെന്ന് ആരോപണം ഉണ്ടെങ്കിലും മസ്തിഷ്‌ക്ക ജ്വരമാണ് മരണകാരണമെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന പാര്‍ട്ടിയും തറപ്പിച്ചുപറയുന്നത്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ 72 കുട്ടികളാണ് മരിച്ചത്. ചികിത്സയിലായിരുന്ന കുട്ടികളും നവജാതശിശുക്കളും ഉള്‍പ്പെടെ 30 കുട്ടികളാണ് ഈ മാസം 10 മുതല്‍ 48 മണിക്കൂറിനിടെ മരിച്ചത്. ദിനംപ്രതി മരിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. ഇത് മാതാപിതാക്കളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇത്രയും കുട്ടികള്‍ മരിച്ച ദുഃഖകരമായ സംഭവം ഉണ്ടായപ്പോള്‍ യുപിയിലെ ഒരു മന്ത്രി പറഞ്ഞത്, എല്ലാ ഓഗസ്റ്റ് മാസവും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കാറുണ്ടെന്നാണ്. എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ മാത്രം ഓഗസ്റ്റില്‍ മരിക്കുന്നത്? എന്തുകൊണ്ട് പണക്കാരന്റെ കുട്ടികള്‍ മരിക്കുന്നില്ല? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ശിവസേന ഉന്നയിക്കുന്നത്.

ദുരന്തത്തില്‍ കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ തുടങ്ങിയെങ്കിലും കുട്ടികളുടെ മരണം തടയാന്‍ കഴിയാത്തത് ഉത്തര്‍പ്രദേശിലെ സ്ഥിതി ഗുരുതരമാക്കുകയാണ്. ഓക്‌സിജന്‍ വിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചെങ്കിലും മസ്തിഷ്‌കജ്വരം ബാധിച്ച് ഒട്ടേറെ കുട്ടികളാണു ദിവസവും ആശുപത്രിയിലെത്തുന്നത്. ഇത്രയും വലിയ ദുരന്തം നടന്നിട്ടും മുഖ്യമന്ത്രി യോദി ആദിത്യ നാഥ് ശനിയാഴ്ച മാത്രമാണ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാകട്ടെ ദുരന്തത്തോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതും അതിശയകരം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *