തിരുവനന്തപുരം: ജനതാദള്‍(യു)വില്‍ നിന്ന് എം.പി.വീരേന്ദ്രകുമാറിനെ ഒഴിവാക്കാന്‍ ദേശീയ നേതൃത്വം ഒരുങ്ങുന്നു. ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞതിന് പിന്നാലെ നിതീഷ് കുമാര്‍ ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രി ആയിരുന്നു. നിതീഷിന്റെ ഈ തീരുമാനത്തിനെതിരെ വീരേന്ദ്ര കുമാര്‍ രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് വീരേന്ദ്രകുമാറിനെ ഒഴിവാക്കുന്നത്. അതേസമയം, വീരേന്ദ്രകുമാറിനെ പുറത്താക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ തുടരണോയെന്ന് വീരേന്ദ്ര കുമാറിന് തീരുമാനിക്കാം. രാജ്യസഭയില്‍ വീരേന്ദ്രകുമാറിന് വിപ്പ് നല്‍കില്ലെന്നും നിതീഷിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, വീരേന്ദ്രകുമാറിന്റെ രാജ്യസഭാംഗത്വം നഷ്ടമാവാതിരിക്കാന്‍ ശരദ് യാദവ് നേതൃത്വം നല്‍കുന്ന ജെ.ഡി(യു) വിഭാഗവുമായി ബന്ധം പുലര്‍ത്തില്ലെന്ന് കേരള നേതാക്കള്‍ നിതീഷിന് ഉറപ്പു നല്‍കി. നിതീഷിനോട് ഇടഞ്ഞ് നില്‍ക്കുന്നവര്‍ക്കെതിരെ നേരത്തെ പാര്‍ട്ടി നടപടി എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ശരദ് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയത്.
അതേസമയം, പഴയ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്രകുമാര്‍ ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്. 2009ല്‍ കോഴിക്കോട് സീറ്റിന്റെ പേരില്‍ ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് ജെ.ഡി.എസില്‍ നിന്ന് വേര്‍പെട്ട് ഒരുവിഭാഗം പുറത്തുവന്നാണ് എസ്.ജെ.ഡി എന്ന പാര്‍ട്ടിക്ക് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്തത്. യു.ഡി.എഫിലെത്തിയ പാര്‍ട്ടി 2014 ഡിസംബറിലാണ് ജെ.ഡി.യുവില്‍ ലയിച്ചത്.
