മലപ്പുറം: പ്രകൃതിക്ക് കടുത്ത ആഘാതമേല്‍പ്പിക്കുന്ന, മനുഷ്യവിഭവശേഷിയെ പരിഗണിക്കാത്ത ഇന്നത്തെ വികസനം പണമൂലധനം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും സംസ്ഥാനശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സി.ടി.എസ് നായര്‍ വ്യക്തമാക്കി. മലയാളസര്‍വകലാശാലയില്‍ കാലാവസ്ഥാമാറ്റത്തെ അധികരിച്ച് നടക്കുന്ന ദേശീയ സെമിനാറില്‍ ‘പാരിസ്ഥിതിക മൂല്യനിര്‍ണ്ണയം’ എന്ന വിഷയത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
വികസനനയങ്ങളും നിയമങ്ങളും എഴുതപ്പെടുന്ന രീതിയില്‍ നടപ്പാക്കപ്പെടു ന്നില്ല. സത്യസന്ധവും ശാസ്ത്രീയവുമായ വിലയിരുത്തലുകള്‍ ഉണ്ടാവുന്നില്ല. പ്രകൃതിയും മനുഷ്യാധ്വാനവും സാമൂഹ്യ- മനുഷ്യനിര്‍മിത മൂലധനങ്ങളും സാമഞ്ജസമായി സമ്മേളിക്കുന്ന വികസനകാഴ്ചപ്പാടുണ്ടാവണം. പ്രകൃതി മൂലധനം ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ ജപ്പാനെ പോലുള്ള രാഷ്ട്രങ്ങള്‍ മാതൃകയാണ്. ശുദ്ധവായുവും ശുദ്ധജലവും ക്രിയാത്മകമായ തൊഴിലും വാഗ്ദാനം ചെയ്യാന്‍ വികസന സങ്കല്‍പ്പങ്ങള്‍ക്ക് കഴിയണം. ആതിരപ്പള്ളിയിലെ അനന്വയമായ പ്രകൃതിക്കൊത്ത മറ്റൊന്ന് നമുക്ക് സൃഷ്ടിക്കാന്‍ കഴിയുമോ? എന്നാല്‍ നിര്‍ദ്ദിഷ്ട അളവിലുള്ള വൈദ്യുതി മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ നിര്‍മ്മിക്കാന്‍ കഴിയില്ലേ? – അദ്ദേഹം ചോദിച്ചു.
തുടര്‍ന്ന് ‘കാലാവസ്ഥാമാറ്റവും ദുരന്തനിവാരണവു’മെന്ന വിഷയത്തെക്കുറിച്ച് കേരള ദുരന്തനിവാരണസമിതി ഡയറക്ടര്‍ ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് സംസാരിച്ചു. ജനങ്ങള്‍ ഇനിയും ജാഗരൂകരായില്ലെങ്കില്‍ കേരളം കാലാവസ്ഥാമാറ്റ ത്തിന്റെ ഇരയായി പരിണമിക്കുമെന്ന് ഡോ. ശേഖര്‍ പറഞ്ഞു. വരള്‍ച്ചയും വെള്ളപ്പൊക്കവും മാറി മാറി വരുന്ന പുതിയ കാലാവസ്ഥയില്‍ കേരളത്തില്‍ കുടിവെള്ളപ്രശ്‌നം രൂക്ഷമായിരിക്കും.
ഭൂപ്രകൃതി അനുസരിച്ച് കേരളത്തിന്റെ വലിയൊരു ഭാഗം പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ഇതിന് കാലേക്കൂട്ടി മുന്‍കരുതല്‍ നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ മോഡറേറ്ററായിരുന്നു. സെമിനാര്‍ ഇന്ന് (19.08.17) സമാപിക്കും. കാലത്ത് 10 മണിക്ക് നടക്കുന്ന ആദ്യ സെഷനില്‍ രണ്ടാവര്‍ഷ എം.എ വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. ഡി. ഷൈജന്‍ (തൃശൂര്‍ ജോണ്‍മത്തായി സെന്റര്‍) ഡോ. മുഹമ്മദ് ഷാഫി എന്നിവര്‍ നിരീക്ഷകരായിരിക്കും.
