വെള്ളപ്പൊക്കത്തില്‍ പെട്ട് മുങ്ങിമരിച്ച അമ്മയുടെ മൃതദേഹത്തില്‍ അള്ളിപ്പിടിച്ചു കിടന്ന മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി. ശക്തമായ മഴയും വെള്ളപ്പൊക്കവും കനത്തനാശവുമൊക്കെ സംസാര വിഷയമായി മാറിയിരിക്കുന്ന അമേരിക്കയില്‍ ടെക്‌സാസില്‍ നിന്നുള്ള അമ്ബരപ്പിക്കുന്ന ഈ വാര്‍ത്തയില്‍ 41 കാരി കോളെറ്റ് സള്‍സറും മൂന്ന് വയസ്സുകാരി മകള്‍ ജോര്‍ഡെയ്‌നുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ബീമൗണ്ടില്‍ ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുമ്‌ബോഴും ജലത്തിന് മുകളിലേക്ക് കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ചു ആ അമ്മ മാതൃസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി.
ഒരു കനാലില്‍ വെള്ളംകുറിച്ച് ചീര്‍ത്ത സള്‍സറിന്റെ മൃതദേഹത്തില്‍ നിന്നും പിടി വിടാതെ വിറങ്ങലിച്ച് മുങ്ങിപ്പൊങ്ങുന്ന നിലയില്‍ കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പകല്‍ മൂന്ന് മണിയോടെ മകളുമായി ബീമൗണ്ടിലേക്ക് കാറില്‍ പോകുമ്‌ബോള്‍ ആയിരുന്നു അപകടം. ഇന്റര്‍സ്റ്റേറ്റ് 10 ലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും എടുക്കുമ്പോള്‍ കാര്‍ വെള്ളത്തില്‍ പെട്ടുപോയി. തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച ഇവര്‍ മകളെയും എടുത്തു കൊണ്ട് സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങുമ്‌ബോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കാര്‍ കിടന്നിരുന്നിടത്ത് നിന്നും അര മൈല്‍ മാറി കനാലില്‍ നിന്നായിരുന്നു ഇവരെ കണ്ടെത്തിയത്.
വെള്ളം തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോഴും മകളുടെ തല ജല നിരപ്പിന് മുകളില്‍ വരത്തക്കവിധം അമ്മ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചിരുന്നതായി പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനവുമായി കനാലിലൂടെ വരുമ്‌ബോള്‍ ഒരു കൊച്ചുപെണ്‍കുട്ടി കനാലിലെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി ഒഴുകി വരുന്നത് കാണുകയായിരുന്നെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞത്. ശ്വാസം കിട്ടാതെ വെള്ളത്തില്‍ ബുദ്ധിമുട്ടുമ്‌ബോഴും മകളെ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അമ്മ ശ്രദ്ധിച്ചിരുന്നു. കുഞ്ഞും അമ്മയെ മുറുക്കെ പിടിച്ചിരുന്നു. കുഞ്ഞിന്റെ പിന്നില്‍ ഒരു ബാഗ് ഉണ്ടായിരുന്നു. ഇതും കുഞ്ഞിനെ പൊങ്ങിക്കിടക്കാന്‍ സഹായിച്ചു.
പോലീസും ഫയര്‍ റെസ്‌ക്യൂ ഡൈവേഴ്‌സും ചേര്‍ന്ന് സള്‍സറിനെയും കുഞ്ഞിനെയും വലിച്ചടുപ്പിച്ചു. ആംബുലന്‍സിലേക്ക് കയറ്റുമ്‌ബോള്‍ തന്നെ സള്‍സര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. കുഞ്ഞു ജോര്‍ഡെയ്‌നാകട്ടെ തണുത്തു വിറച്ച നിലയിലും. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ കുടുംബാംഗങ്ങള്‍ക്ക് വിട്ടു കൊടുത്തു. വെള്ളപ്പൊക്കത്തില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. ഒരു 64 കാരനെ ഹൂസ്റ്റണിലെ ക്‌ളോക്ക് റിപ്പയര്‍ ഷോപ്പിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറുപേര്‍ അവരുടെ വാനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി.
വെള്ളിയാഴ്ചയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. ആയിരക്കണക്കിന് പേര്‍ക്ക് വീടുകളില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടി വന്നു. ബില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. നാഷണല്‍ ഹരികേന്‍ സെന്റര്‍ പറയുന്ന കണക്കുകള്‍ പ്രകാരം ടെക്‌സാസില്‍ 51.88 ഇഞ്ച് മഴയാണ് റെക്കോഡ് ചെയ്തത്. ഇത്തരത്തില്‍ ഒരു മഹാമാരി അമേരിക്കയില്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത മഴ പെയ്ത ലൂസിയാനയില്‍ പലയിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ട്.
