കാവി പുതച്ച് യുപി; ബസുകള്‍ക്ക് പിന്നാലെ വൈദ്യുതി പോസ്റ്റുകളും കാവിയില്‍ മുങ്ങും

ലക്‌നൗ: സംസ്ഥാനത്തെ ബസുകള്‍ക്ക് കാവി പെയിന്റടിക്കാനുള്ള തീരുമാനത്തിന് പിന്നാലെ വൈദ്യുതി പോസ്റ്റുകള്‍ക്കും കാവി നിറം നല്‍കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പെട്ടെന്ന് തിരിച്ചറിയാനെന്ന ഉദ്ദേശ്യത്തോടെയാണ് പെയിന്റടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

എല്ലാ അനധികൃത കോളനികളിലേക്കുമുള്ള വൈദ്യതി കണക്ഷന്‍ നിയമാനുസൃതമായി അംഗീരിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിലെ വൈദ്യുതി പോസ്റ്റുകളെയും കാവിയടിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും വൈദ്യുതി എന്ന പ്രത്യേക പദ്ധതിയിലാണ് കാവി പെയിന്റടിക്കാനുള്ള പരിപാടിയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അലോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനധികൃത കോളനിയിലെ വൈദ്യുതി പോസ്റ്റുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് കാവി കളര്‍ പെയിന്റ് അടിക്കുന്നതെന്ന് ദക്ഷിണാഞ്ചല്‍ വൈദ്യുതി വിതരണ കമ്ബനിയുടെ മാനേജിങ് ഡയറക്ടര്‍ സുദീര്‍ കുമാര്‍ വര്‍മയും മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ പൊതു സ്ഥാപനങ്ങളെയെല്ലാം കാവിവത്കരിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് പൊതുവെയുള്ള വിമര്‍ശനം.

ഉത്തര്‍പ്രദേശ് വൈദ്യതി ബോര്‍ഡിന്റെ തന്നെ കണക്ക് പ്രകാരം 300,00 അനധികൃത കോളനികളിലേക്ക് നിയമാനുസൃതമായ വൈദ്യുതി കണക്ഷന്‍ എത്തിക്കേണ്ടതുണ്ട്. ലക്‌നൗവില്‍ മാത്രം വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട 350 കോളനികളുണ്ട്.

യുപി സംസ്ഥാന ഗതാഗത വകുപ്പിന് കീഴിലെ ബസുകള്‍ക്ക് കാവി പെയിന്റടിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി പോസ്റ്റുകളെയും കാവിയില്‍ മുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *