തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് കാക്കനാട് സബ് ജയിലില്‍ ഫോണ്‍ വിളിക്കാന്‍ സഹായം ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍. കളമശേരി എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ സഹായത്തോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ കാക്കനാടുള്ള സ്ഥാപനത്തിലേക്ക് ആറ് തവണയാണ് അനീഷ് വിളിച്ചത്. പള്‍സര്‍ സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതലയുണ്ടായിരുന്ന അനീഷിനോട് മാര്‍ച്ച് ആറിനാണ് സുനി നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് വെളിപ്പെടുത്തുന്നത്. തുടര്‍ന്നാണ് ദിലീപിനെ വിളിക്കാന്‍ അനീഷ് സുനിയ്ക്ക് സഹായം ചെയ്ത് കൊടുത്തത്. കേസില്‍ 14ആം പ്രതിയാണ് അനീഷ്.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വേളയില്‍ അനീഷ് എന്ന പൊലീസുകാരന്റെ സംഭവം കെട്ടുകഥയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ പ്രോസിക്യൂഷന്‍ എല്ലാ വിവരങ്ങളും കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് മുദ്രവച്ച കവറില്‍ കോടതിക്ക് പരിശോധിക്കാന്‍ സമര്‍പ്പിക്കാമെന്നുമാണ് നിലപാടെടുത്തത്.
