ജയരാജനെതിരായ കേസ് അവസാനിപ്പിക്കാന്‍ നിയമോപദേശം തേടി വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: സിപിഐഎം കേന്ദ്രം കമ്മിറ്റി അംഗം ഇ പി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനം. നിയമന ഉത്തരവ് നല്‍കുക വഴി സാമ്ബത്തികമായോ അല്ലാതെയോ ആരും നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. ഇതേതുടര്‍ന്ന് കേസ് അവസാനിപ്പിക്കാനുള്ള തുടര്‍ നടപടിയെന്ന നിലയില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി.

ജയരാജനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി എം പിയുടെ മകന്‍ പി കെ സൂധീര്‍ നമ്ബ്യാരെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡറക്ടറായി നിയമിച്ചു എന്നതാണ് ജയരാജനെതിരായ കേസ്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞു ജയരാജന്‍ സ്വന്തം നിലയ്ക്കാണ് സുധീറിനെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും വിജിലന്‍്‌സ് കണ്ടെത്തിയിരുന്നു.
ബന്ധുനിയമനം വിവാദമായതിനെ തുടര്‍ന്ന് ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ജേക്കബ് തോമസ് മന്ത്രി വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോഴാണ് ജയരാജനെതിരെ കേസെടുത്ത് അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *