മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മകനെ വിറ്റ യുവാവ് പിടിയില്‍

ഭുവനേശ്വര്‍: മകനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങിയ യുവാവ് പിടിയില്‍. പതിനൊന്ന് മാസം പ്രായമുള്ള മകനെയാണ് ഓഡീഷയിലെ ഭദ്രക് സ്വദേശി വിറ്റത്. ബല്‍റാം മുഖി എന്ന യുവാവാണ് മകനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. 23,000 രൂപയ്ക്കാണ് ഇയാള്‍ മകനെ വിറ്റത്. ഇതില്‍ നിന്ന് 2000 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി. 1500 രൂപ മുടക്കി മകള്‍ക്ക് വേണ്ടി ഇയാള്‍ വെള്ളിക്കൊലുസ് വാങ്ങി നല്‍കി. ബാക്കി പണം കൊണ്ട് ഇയാള്‍ മദ്യം വാങ്ങി.

മുഖി സ്ഥിരവരുമാനമില്ലാത്ത ആളാണെന്ന് ബക്‌റാക് പോലീസ് എസ്പി പറഞ്ഞു. താല്‍ക്കാലികമായ തൂപ്പുജോലിക്ക് ഇയാള്‍ പോയിരുന്നു. പണം കണ്ടെത്തുന്നതിന് കുട്ടിയെ വില്‍ക്കാന്‍ ഇയാളുടെ ബന്ധുക്കളും കൂട്ടുനിന്നുവെന്നാണ് സൂചന. മകന്‍ മരിച്ച വൃദ്ധ ദമ്ബതികള്‍ക്കാണ് മുഖി മകനെ വിറ്റത്.

സര്‍ക്കാര്‍ ഡ്രൈവറായി വിരമിച്ച സോംനാഥ് സേതി എന്നയാളും ഇയാളുടെ ഭാര്യയുമാണ് മുഖിയുടെ മകനെ വാങ്ങിയത്. സോംനാഥിന്റെ ഏകമകന്‍ 2012ല്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ മുഖിയുടെ പതിനൊന്ന് മാസം പ്രായമുള്ള കുട്ടിയെ വിലയ്ക്ക് വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *