ടോം ഉഴുന്നാലില്‍ അച്ചനെ മോചിപ്പിച്ചതാരാണ് ? ചില സത്യങ്ങള്‍ പറഞ്ഞേ പറ്റൂ എന്ന ആമുഖത്തോടയാണ് മാതൃഭൂമി ന്യൂസ് ഗള്‍ഫ് ലേഖകനായ ഐപ് വള്ളിക്കാടന്റെ ഫേസ് ബുക്ക് കുറിപ്പു തുടങ്ങുന്നത്. വൈദികന്റെ മോചനത്തിനു പിന്നില്‍ ഇന്ത്യയ്ക്ക് ഒരു പങ്കും ഇല്ലെന്ന് സമര്‍ത്ഥിക്കുകയാണ് അദ്ദേഹം. യെമനിലെ യുദ്ധഭൂമിയില്‍ പോയിട്ടുള്ള തനിക്ക് ഇക്കാര്യങ്ങള്‍ ഉറപ്പാണെന്നും അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി എന്തൊക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്?
ഇതിനുള്ള ഉത്തരവും സുഷമാജിയോ,കണ്ണന്താനമോ,കുമ്മനമോ നല്‍കേണ്ടി വരുമെന്നും പ്രതീക്ഷിക്കുന്നു.
ചില സത്യങ്ങള്‍ പറഞ്ഞേ പറ്റൂ. ഒമാന്‍ സര്‍ക്കാരിന്റെ വ്യക്തമായ ശ്രമമാണ് യെമനില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിന് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് തടവില്‍ പാര്‍പ്പിച്ച വൈദീകന് ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കിയത്. ഇന്ത്യ ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു,അത് അവഗണിക്കാനുമാകില്ല, യെമനിലെ ഐസിസ് തീവ്രവാദികളിലേക്ക് എത്തിപ്പെടാന്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം എന്ത് ചെയ്തുവെന്നതിന് ഉത്തരമുണ്ടോ?
സുഷമാ സ്വരാജിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം അയച്ച കത്തിന് മുമ്ബേ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ടോമച്ചന്റെ മോചനത്തിന് വേണ്ടി ശ്രമം തുടങ്ങിയിരുന്നു.അവസാനം തട്ടിക്കൊണ്ട് പോയവര്‍ തന്നെ പുറത്ത് വിട്ട് ടോമച്ചന്റെ വീഡിയോയില്‍ അദ്ദേഹം തീര്‍ത്തും ക്ഷീണിതനായിരുന്നു, തനിക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം വേണമെന്നും, തന്റെ ജീവന് രക്ഷിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്,
അവിടെ ചിലര്‍ ചോദിക്കും എന്തിനാണിയാള്‍ ഇത്രയും പ്രശ്നങ്ങളുള്ള യെമനില്‍ പോയതെന്ന്? അദ്ദേഹം സലേഷ്യന്‍ സഭയിലെ അംഗമായ മിഷനറിയാണ്. സാധുക്കളായ, അനാഥരായ, വയോധികജനങ്ങളെ ശുശ്രൂഷിക്കുന്ന മദര്‍തെരേസ രൂപം നല്കിയ മിഷനറീസ് ഓഫ് ചാരിറ്റി, ഉപവിയുടെ മക്കള്‍ നടത്തുന്ന സ്ഥാപനത്തിലാണ് അദ്ദേഹം സേവനം ചെയ്തിരുന്നത്. യെമനില്‍ ക്രിസ്ത്യാനികള്‍ ധാരാളമുണ്ട്. കലാപത്തിന് മുമ്ബ് ഇതൊരു സുന്ദര ഭൂമിയായിരുന്നു. യുനസ്കോയുടെ പൈതൃക നഗരങ്ങളില്‍ പെട്ട സോളമനെ പോലും മോഹിപ്പിച്ച ഷേബാ രാജ്ഞിയുടെ നാട്. ഞാന്‍ അവിടെ യുദ്ധത്തിനടയില്‍ പോയ ആളാണ്,ഇന്ന് ആ നാട് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമുള്ള ദുരന്ത നാടാണ്.
മാര്‍ച്ച് നാലിന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം, പരിക്കുപറ്റിയും ക്ഷീണിതരുമായവര്ക്കൊപ്പം സേവനം ചെയ്യുമ്ബോഴാണ് ഐസിസ് തീവ്രവാദികള്‍ ആക്രമണം നടത്തുന്നത്. ഇവിടെ നടന്ന ഏകപക്ഷീയമായ വെടിവെപ്പില്‍ നാല് കന്യാസ്ത്രീകള്‍ മരിച്ചു. കൊല്ലപ്പെട്ട വയോധികജനങ്ങളുടെ വിവരം ഇപ്പോഴും അവ്യക്തമാണ്. ഇവിടെ നിന്നാണ് ടോമച്ചനെ ബന്ദിയാക്കുന്നത്.
ദൈവത്തിന് വേണ്ടി മരിക്കാന്‍ തന്നെയാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. താപനില നാല്പത്തഞ്ച് ഡിഗ്രിക്ക് മുകളിലുള്ള വടക്കേ ഇന്ത്യയില്‍ മെച്ചത്തിലുള്ള ഫാന്‍ പോലുമില്ലാത്ത ഒരിടത്ത് വൈദികനായി ജോലി നോക്കുന്ന ഔസേപ്പച്ചന് വള്ളികാട്ട് എന്റെ സഹോദരനാണ്. അതുകൊണ്ട് തന്നെ ഇതുറപ്പിച്ച് പറയാന്‍ കഴിയും.
വീഡിയോയില്‍ ഐസിസ് കാരുടെ പീഡനമോ,ആവശ്യപ്രകാരമോ ആകാം ടോമച്ചന് തന്റെ ജീവന് വേണ്ടി ഇരന്നത്, അവര്‍ക്ക് പണമാണ് ആവശ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്കുഞ്ഞുങ്ങളെപോലും ലേലംവിളിച്ച് അടിമയാക്കി വില്‍ക്കുന്നവര്‍ക്ക് മുന്നില്‍ ഈ അച്ചന് എന്ത് ചെയ്യാന്‍ കഴിയും.പക്ഷേ വേദനകള്‍ക്കിടയിലും അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി എന്തൊക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്?
ഇതിനുള്ള ഉത്തരവും കണ്ണന്താനമോ,സുഷമാജിയോ,കുമ്മനമോ നല്‍കേണ്ടി വരും തീര്‍ച്ച. ടോമച്ചന്റെ മോചനവാര്‍ത്ത അറിയിക്കുമ്ബോള്‍ മാധ്യമങ്ങള്‍ പോലും നല്‍കിത്തുടങ്ങിയിരുന്ന ടോമച്ചന്റെ പുതിയ പടം പോലും വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയില്ല….
ഇന്നലെ ഒമാന്‍ ഭരണകൂടം തന്നെ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൊതുവേദിയില്‍ പ്രസംഗമധ്യേ ഫ്രാന്‍സീസ് മാര്‍പ്പാപ്പ ടോമച്ചന്റെ മോചനത്തിന് വേണ്ടി അപേക്ഷിച്ചിരുന്നു. പ്രാര്‍ത്ഥിച്ചിരുന്നു. അന്നുമുതല്‍ വത്തിക്കാന്‍ ടോമച്ചന്റെ മോചനത്തിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഔദ്യോഗിക പക്ഷവും, ഹൂതികളും, ഐഎസ് ഭീകരരും അരങ്ങുവാഴുന്ന യെമനിലേക്ക് രക്ഷാദൗത്യത്തിന് ഇറങ്ങണമെന്ന് ഒമാന്‍ ഭരണകൂടത്തോട് മാര്‍പ്പാപ്പയുടെ പ്രതിനിധി നേരിട്ടെത്തി അഭ്യര്‍ത്ഥിച്ചത്. സുല്‍ത്താന്‍ ഖാബൂസ് നല്ല മനസ്സുള്ള നേതാവാണെന്ന് ഒമാനിലുള്ളവര്‍ക്ക് മാത്രമല്ല അദ്ദേഹത്തെ അറിയാവുന്ന ലോകം മുഴുവന്‍ വിശ്വസിക്കും.
അദ്ദേഹം ഉത്തരവിട്ടു, യെമനിലെ ആരുമായും സംസാരിച്ച് വത്തിക്കാന്റെ അപേക്ഷ നടപ്പാക്കാന്‍. റോയല്‍ എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ ഒമാനില്‍ നിന്നും കൊണ്ടുപോയ പുത്തന്‍ കറുത്ത ഉടുപ്പും, ഷാളും ധരിപ്പിച്ചാണ് പതിനേഴ് മാസം ജീവന് വേണ്ടി കാത്തിരുന്ന ടോമച്ചനെ രക്ഷപ്പെടുത്തി കൊണ്ടുവന്നത്.മോചനദ്രവ്യം കൊടുത്തോ ഇല്ലയോ എന്ന് എനിക്കറിയില്ല. എങ്കിലും ഒമാന്റെയും വത്തിക്കാന്റെയും നയതന്ത്ര ഇടപെടല്‍ തന്നെയാണ് ഈ നല്ല വാര്‍ത്തക്ക് വഴിതെളിച്ചത്.
അവകാശവാദങ്ങള്‍ ഉന്നയിക്കുകയല്ല വേണ്ടത്. പക്ഷേ ജാഗരൂകരായി ചുറ്റും നോക്കുക. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുക. ടോമച്ചനെ മോചിപ്പിച്ചത് വത്തിക്കാനാണ് എന്നതിന്റെ വലിയ തെളിവാണ് അദ്ദേഹം മസ്കറ്റില്‍ നിന്നും റോമിലേക്ക് പറന്നത്.
ഇന്ത്യ ആയിരുന്നെങ്കില്‍ വന്‍ സ്വീകരണ പരിപാടിയുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ഒരു പക്ഷേ നമ്മുടെ പുതിയ മന്ത്രി കണ്ണന്താനവും മസ്ക്കറ്റില്‍ എത്തുമായിരുന്നു. അവിടെയുള്ള ഇന്ത്യന്‍ എംബസിക്ക് പോലും മോചനം സംബന്ധിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു. പേര് പറയുന്നില്ലെങ്കിലും അവിടെയുള്ള ചിലരെ വിളിച്ചപ്പോള്‍ മാത്രമാണ് അവര്‍ പോലും കാര്യങ്ങള്‍ അറിഞ്ഞത്.
ഈ എഴുത്തും ആരെയും കുറ്റപ്പെടുത്താനല്ല,പക്ഷേ സത്യങ്ങള്‍ മൂടിവക്കപ്പെടേണ്ടതല്ല എന്ന ഉത്തമ ബോധ്യം ഉള്ളതിനാലാണ്. ടോമച്ചന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഒപ്പം പ്രശ്നകലുഷിതമായ പ്രദേശങ്ങളില്‍ സേവനം ചെയ്യുന്ന മിഷനറിമാര്‍ക്കും,പട്ടാളക്കാര്‍ക്കും,ഉദ്യോഗസ്ഥര്‍ക്കും അവിടെയുള്ള കുഞ്ഞുങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
