ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപ നല്‍കി അറുപത്തിയഞ്ചുകാരനായ ഷെയ്ഖ് പതിനാറുകാരിയെ വിവാഹം കഴിച്ച സംഭവത്തില്‍ ഷെയ്ഖ് അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. വിവാഹത്തിന് ശേഷം മസ്‌ക്കറ്റിലേക്ക് പോയ മകളെ തിരികെ കൊണ്ടുവരാനായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഫലാക്‌നുമ അഡീഷണല്‍ കമ്മീഷര്‍ക്ക് സമീപമാണ് പരാതി നല്‍കിയത്.
ഭര്‍ത്തൃ സഹോദരി ഗൗസിയയും അവരുടെ ഭര്‍ത്താവ് സിക്കന്ദറും ചേര്‍ന്ന് പണം തട്ടിയ ശേഷം മകളെ ഷെയ്ഖിന് നിക്കാഹ് ചെയ്തു കൊടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ ഉന്നൈസയാണ് പൊലീസില്‍ പരാതി നല്‍കിയത് . റമദാന് മുന്നോടിയായി ഹൈദരാബാദിലെ ബര്‍ക്കാസ് മേഖലയിലുള്ള ഒരു ഹോട്ടലില്‍ ഷെയ്ഖ് താമസമാക്കിയിരുന്നു. ഈ സമയത്താണ് ഇയാളുമായി സിക്കന്ദറും ഗൗസിയയും ബന്ധപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചു. 5 ലക്ഷം രൂപ നല്‍കിയാല്‍ നിക്കാഹ് നടത്താമെന്നായിരുന്നു പറഞ്ഞുറപ്പിച്ചിരുന്നത്. ഇതനുസരിച്ച് നിക്കാഹ് നടത്തുകയായിരുന്നു.
ഹൈദരാബാദിലെ ഹോട്ടലില്‍വെച്ചു തന്നെയായിരുന്നു വിവാഹം. ഇതിന് ശേഷം ഷെയ്ഖിനൊപ്പം ദിവസങ്ങളോളം മകള്‍ അവിടെ തങ്ങി. മകള്‍ക്ക് മസ്‌ക്കറ്റിലേക്ക് പോകാനുള്ള രേഖകള്‍ തയ്യാറാക്കി നല്‍കിയത് സിക്കന്ദറാണ്. മസ്‌ക്കറ്റിലെ ആഡംബര ജീവിതത്തെക്കുറിച്ചും മറ്റും പറഞ്ഞാണ് പെണ്‍കുട്ടിയെ വിവാഹത്തിന് സമ്മതിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, ഹൈദരാബാദില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. അറബികളുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് ഇത്തരത്തിലുള്ള കാര്യങ്ങള്‍ അറിയാമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. പത്ത് ലക്ഷത്തോളം രൂപ വരെ ഇവര്‍ ഇതിനായി ചെലവഴിക്കുമെന്നും വിവരമുണ്ട്.
