കൊച്ചി : ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ വിജയികള്‍ക്ക് സമ്മാനിക്കുന്ന ട്രോഫിയുടെ കൊച്ചിയിലെ പര്യടനം തുടരുന്നു. പൊതുജനങ്ങള്‍ക്ക് കാണാനായി ടോഫിയുടെ പ്രദര്‍ശനം ഒരു ദിവസത്തേയ്ക്ക് കൂടി സംഘാടകര്‍ നീട്ടിയിട്ടുണ്ട്. ഇന്ന് ഇടപ്പള്ളി ലുലു മാളിലാണ് ട്രോഫി പ്രദര്‍ശിപ്പിക്കുക.
ലുലു മാളിലെ പ്രദര്‍ശനത്തിന് ശേഷം ട്രോഫി കൊല്‍ക്കത്തയിലേയ്ക്ക് കൊണ്ടുപോകും. ഇന്നലെ ഫോര്‍ട്ടുകൊച്ചി വാസ്‌കോ ഡ ഗാമ ചത്വരത്തിലാണ് ട്രോഫി പ്രദര്‍ശിപ്പിച്ചത്. കാര്‍ണിവല്‍ പോലെ ആഘോഷമായിട്ടായിരുന്നു പോര്‍ട്ടുകൊച്ചിയിലെ ട്രോഫി പ്രദര്‍ശനം.
മേയര്‍ സൗമിനി ജെയിന്‍ ട്രോഫി അനാവരണം ചെയ്തു. കെ വി തോമസ് എംപി, കെ ജെ മാക്‌സി എംഎല്‍എ, മുന്‍മന്ത്രി ഡൊമനിക് പ്രസന്റേഷന്‍, ലോകക്പ്പ നോഡല്‍ ഓഫീസര്‍ എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബാന്‍ഡ് മേളം, പൂക്കാവടി, ചൈനീസ് ഡ്രാഗണ്‍ തുടങ്ങിയ കലാരൂപങ്ങളോടെയായിരുന്നു ഫോര്‍ട്ടുകൊച്ചി ട്രോഫിയെ വരവേറ്റത്.
ഞായറാഴ്ച പ്രദര്‍ശനം അവസാനിപ്പിച്ച് ട്രോഫി ഫൈനല്‍ വേദിയായ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. ജൂലൈ 17ന് ദില്ലിയില്‍നിന്നാണ് ട്രോഫി ഇന്ത്യയില്‍ പ്രദര്‍ശന പര്യടനം തുടങ്ങിയത്. ലോകകപ്പിന് വേദിയാവുന്ന ആറു നഗരങ്ങളിലായിരുന്നു പ്രദര്‍ശനം. 40 ദിവസംകൊണ്ട് 9000 കിലോമീറ്റര്‍ നീളുന്ന പര്യടനത്തിന്റെ സമാപനവും കൊച്ചിയിലാണ്.
