മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. തിരൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദിന്റെ(27) ജനനേന്ദ്രിയം മുറിച്ച കേസില്‍ ഭാര്യ െഹെറുന്നീസയെ(30) ആണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് എസ്.ഐ: നിപുന്‍ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
ലോഡ്ജ് മുറിയിലെത്തിയ ശേഷം ജാറത്തിലെ വെളളമാണ് എന്നു പറഞ്ഞ് ഒരു ദ്രാവകം നല്‍കി കട്ടിലില്‍ കിടത്തിയാണു ജനനേന്ദ്രിയം മുറിച്ചത്. അപ്പോള്‍ വേദന അനുഭവപ്പെട്ടില്ലെന്നും യുവാവ് മൊഴിനല്‍കി. യുവതിയുടെ മൂന്നാമത്തെ ഭര്‍ത്താവാണു ഇര്‍ഷാദ്. ഇയാളുടെ പാസ്പോര്‍ട്ടിലും ഭാര്യയായി യുവതിയുടെ പേരുണ്ട്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി യുവാവ് മറ്റൊരു വിവാഹത്തിനൊരുങ്ങിയതാണു കൃത്യം നടത്താന്‍ യുവതിയെ പ്രേരിപ്പിച്ചത്.
ഭീഷണിപ്പെടുത്തിയാണു ഇര്‍ഷാദിനെ യുവതി ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്. വന്നില്ലെങ്കില്‍ യുവാവിന്റെ വീട്ടിലേക്കു ചെല്ലുമെന്നായിരുന്നു ഭീഷണി. ഇര്‍ഷാദിന്റെ വീട്ടുകാരറിയാതെ ഒരു വര്‍ഷം മുമ്ബ് പാലക്കാട്ടായിരുന്നു ഇവരുടെ രജസിറ്റര്‍ വിവാഹം. താന്‍ സ്വയമാണു കൃത്യം നിര്‍വഹിച്ചതെന്ന ആദ്യ മൊഴി, ശസ്ത്രക്രിയക്കു ശേഷം യുവാവ് തിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാനഹാനി ഭയന്നും വിദേശത്തെ ജോലി നഷ്ടപ്പെടുമെന്നതിനാലുമാണു ആദ്യം പരാതി നല്‍കാതിരുന്നതെന്നും യുവാവ് മൊഴി നല്‍കി.
യുവാവിന്റെ ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞതായി ശസ്ത്രക്രിയ നടത്തിയ കോഴിക്കോട്ടെ സ്വകാരൃ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ലോഡ്ജ് മുറിയില്‍ നിന്നും കണ്ടെടുത്ത പേനാക്കത്തി യുവാവ് തിരിച്ചറിഞ്ഞു. തിരൂരിലെ ജ്വല്ലറിക്കു സമീപത്തുനിന്നാണു യുവതി കത്തി വാങ്ങിയതെന്നും പോലീസ് കണ്ടെത്തി. പേപ്പര്‍ മുറിക്കാനുപയോഗിക്കുന്ന ചെറിയ പേനാക്കത്തിയാണിത്. അതേസമയം, യുവാവിന്റെ ജനനേന്ദ്രിയത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി വിജയകരമായിരുന്നെങ്കിലും അഞ്ചു ദിവസത്തിനു ശേഷമെ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനെ കഴിഞ്ഞ ദിവസമാണു ജനനേന്ദ്രിയം ഭാഗികമായി ഛേദിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവശേഷം യുവാവിനെ ആദ്യം വളാഞ്ചേരിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിന്നു. വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമാണ് യുവതി. വിവാഹ മോചനത്തിന് ശേഷമാണ് ഇവര്‍ ഇര്‍ഷാദിനെ വിവാഹം കഴിച്ചതെന്നു പോലീസ് വ്യക്തമാക്കി.
സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ യുവതിയെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നെങ്കിലും കസ്റ്റിഡയിലെടുത്തിരുന്നിയല്ല.
നിലവില്‍ വധശ്രമം, ആയുധം ഉപയോഗിച്ച് മുറവേല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണു യുവതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം കേസുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ കഴിയാവുന്ന മുഴുവന്‍ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തണമെന്ന് ഉന്നത പോലീസ് വൃത്തങ്ങളില്‍നിന്നും അന്വേഷണോദ്യോഗസ്ഥനു നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തില്‍ വനിതാപോലീസുകാരായ സീമ, സുബീന എന്നിവരും ഉണ്ടായിരുന്നു.
