തൃപ്പൂണിത്തുറ: ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച ആയുര്‍വേദ ഡോക്ടര്‍ക്ക് യോഗ കേന്ദ്രത്തില്‍ ക്രൂര പീഡനം. തൃപ്പൂണിത്തുറ കണ്ടനാടുള്ള യോഗ കേന്ദ്രത്തിലാണ് സംഭവം. ഇരുപത്തി രണ്ട് ദിവസത്തോളം ക്രൂര പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് യുവതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കെതിരെയും യോഗ സെന്ററിനെതിരേയും ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു.
ഓഗസ്റ്റ് 21 ന് യോഗ സെന്ററില്‍ നിന്നും യുവതി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് പരാതിയുമായി രംഗത്തെത്തിയത്. അറുപത്തിയഞ്ചോളം പെണ്‍കുട്ടികള്‍ യോഗ കേന്ദ്രത്തില്‍ തടവില്‍ കഴിയുന്നതായും യുവതിയുടെ പരാതിയിലുണ്ട്. ശാരീരികമായും മാനസികമായും ക്രൂര പീഡനമാണ് യോഗ കേന്ദ്രത്തില്‍ നടക്കുന്നത്. ലൈംഗീകമായ പീഡനവും പെണ്‍കുട്ടികള്‍ക്കെതിരെ അഴിച്ചുവിടുന്നതായും യുവതി പറയുന്നു. ക്രിസ്ത്യന്‍, ഇസ്ലാം മതത്തെ പൈശാചികമായാണ് അവിടെ ചിത്രീകരിക്കുന്നത്. അത്തരത്തിലുള്ള ക്ലാസുകളില്‍ പങ്കെടുക്കാന്‍ അവര്‍ നിര്‍ബന്ധിച്ചിരുന്നതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
മനോജ് എന്നയാളാണ് യോഗ കേന്ദ്രത്തിലെ പ്രധാനി. ഇയാള്‍ക്കും റിജേഷ് എന്ന മറ്റൊരാള്‍ക്കും കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയുമാണ് യുവതിയുടെ പരാതി. ഹാദിയ കേസ് ഉള്‍പ്പെടെ ഏറെ ചര്‍ച്ചയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് തൃപ്പൂണിത്തുറയില്‍ നിന്നും ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നത് ഗൗരവതരമാണ്. ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്.
