കുടുംബവാഴ്ച കോണ്‍ഗ്രസ് പാരമ്പര്യം, ഇന്ത്യയുടെയല്ല; രാഹുലിനെ വിമര്‍ശിച്ച് അമിത് ഷാ

ദില്ലി: കുടുംബവാഴ്ച ഇന്ത്യന്‍ പാരമ്പര്യമല്ലെന്നും കോണ്‍ഗ്രസിന്റെ മാത്രം പാരമ്ബര്യമാണെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യയില്‍ പാരമ്ബര്യ രാഷ്ട്രീയം സാധാരണയാണെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേരിക്കയില്‍ വെച്ചുള്ള പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ബിജെപി അദ്ധ്യക്ഷന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

അമേരിക്കയില്‍ ബര്‍ക്കേലിയിലെ വിദ്യാര്‍ത്ഥികളുടമായുള്ള സംവാദത്തിലാണ് രാഹുല്‍ ഗാന്ധി കുടുംബപാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത്. അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് ഇത് സംബന്ധിച്ച് വിശദീകരിച്ചത്.

രാഹുലിന്റെ ഈ പ്രസ്താവനയെയാണ് ബിജെപി യോഗത്തില്‍ അമിത് ഷാ വിമര്‍ശിച്ചത്. വിദേശ രാജ്യത്ത് ചെന്ന് ഇന്ത്യന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ വന്‍ അഴിമതികളാണ് അരങ്ങേറിയത്. കല്‍ക്കരി മുതല്‍ ടെലികോം വരെ നിരവധി അഴിമതി കണക്കുകള്‍ നിരത്താനുണ്ട്. എന്നാല്‍ മുന്ന് വര്‍ഷമായി ഭരിക്കുന്ന ബി.ജെ.പിക്കെതിരെ ഒരു അഴിമതി പോലും ഉന്നയിക്കാനില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഐഎമ്മുകാര്‍ നിരന്തരം ആക്രമണം നടത്തുകയാണെന്നകാര്യവും തന്റെ പ്രസംഗത്തില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. ഇത്തരം അക്രമങ്ങളെ പാര്‍ട്ടി ഭയപ്പെടുന്നില്ലന്നും അമിത് ഷാ പറഞ്ഞു. വടക്കു കഴിക്കന്‍ സംസ്ഥാനങ്ങളിലും തെക്കേ ഇന്ത്യയിലും ബി.ജെ.പിക്ക് കൂടുതല്‍ വേരുറപ്പിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *