ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പരമ്പരാഗത ലോക്സഭാ മണ്ഡലമായ അമേത്തി പിടിക്കാന്‍ ബി.ജെ.പി പടയൊരുക്കം തുടങ്ങി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിനിധികരിക്കുന്ന അമേത്തിയിലേക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇന്നെത്തും. അമേത്തി, സിതാപൂര്‍, ലഖ്നൗ എന്നിവിടങ്ങളിലാണ് അമിത് ഷാ ഇന്ന് പരിപാടികളില്‍ പങ്കെടുക്കുന്നത്.
രാജ്യസഭാംഗം കൂടിയായ ഷാ അമേത്തിയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും വികസന പദ്ധതികള്‍ക്ക് തുടക്കമിടുകയും ചെയ്യും. ഷായുടെ പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രികൂടിയായ സമൃതി ഇറാനി ഇതിനകം തന്നെ അമേത്തിയില്‍ എത്തിയിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ എതിര് സ്ഥാനാര്‍ത്ഥിയായിരുന്നു ഇറാനി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇരുവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ അമേത്തി പിടിക്കുകയാണ് ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 2009ല്‍ രാഹുല്‍ ഗാന്ധി 3.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഇവിടെ 2014 ആയപ്പോഴേക്കും ഭൂരിപക്ഷം 1.07 ലക്ഷം ആയി കുറയ്ക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ അമിത് ഷായെതന്നെ ബി.ജെ.പി ഇറക്കിയേക്കുമെന്നും സൂചനയുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേത്തി, റായ് ബറേലി മണ്ഡലങ്ങളില്‍ 10ല്‍ ആറ് നിയമസഭാ സീറ്റുകളും ബി.ജെ.പി പിടിച്ചെടുത്തിരുന്നു.
അതിനിടെ, കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ഗൗരിഗഞ്ചിലെ മുന്‍ എം.എല്‍.എയുമായ ജംഗ് ബഹാദുര്‍ സിംഗ് പാര്‍ട്ടി വിട്ടു. സിംഗ് വൈകാതെ ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന.
മൂന്നു ദിവസം മുന്‍പ് രാഹുല്‍ ഗാന്ധിയും മണ്ഡലത്തില്‍ പര്യടനം നടത്തിയിരുന്നൂ. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളാണ് ബി.ജെ.പി വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. തൊഴിലില്ലായ്മയേയും കര്‍ഷക പ്രശ്നങ്ങളെയും കുറിച്ച് സംസാരിക്കാന്‍ മോഡിയോട് ആവശ്യപ്പെട്ട രാഹുല്‍, ആറു മാസം അനുവദിച്ചാല്‍ കോണ്‍ഗ്രസ് ഇവ പരിഹരിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
