തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയമയിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നയം മൂലം ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളും ഹര്‍ത്താലുമായി സഹകരിച്ചു. വ്യാപാരികള്‍ കടകള്‍ സ്വമേധയാ അടച്ചു. എന്നാല്‍ ഇതുവരെ ഉണ്ടാകാത്ത വിധം സര്‍ക്കാര്‍ ഹര്‍ത്താല്‍ പൊളിക്കാന്‍ വ്യാപക ശ്രമം നടത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാമൊട്ടാകെ പൊലീസിനെ വിന്യസിച്ചു. സര്‍ക്കാറും പൊലീസും പ്രകോപനമുണ്ടാക്കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞത് പെരുപ്പിച്ചു കാട്ടി. ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ചാണ് ഹര്‍ത്താലിനെതിരെ നീങ്ങിയത്. ഇരുവരും മത്‌സരിച്ച്? കെ.എസ്.ആര്‍.ടി.സി ഓടിച്ചിട്ടും കയറാന്‍ ആളുണ്ടായിരുന്നില്ല. ഇന്നത്തെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വ്യാപക അക്രമങ്ങളാണെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നു. എന്ത് അക്രമമാണ് ഉണ്ടായത്. അക്രമത്തില്‍ പരിക്കേറ്റ് ആരെങ്കിലും ആശുപത്രിയിലായിട്ടുണ്ടോ. എവിടെയെങ്കിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തങ്ങള്‍ അന്വേഷിക്കും. കേരളത്തില്‍ ആദ്യമായാണോ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. 12 ദിവസം മുമ്ബാണ് ഹര്‍ത്താല്‍ പ്രഖ്യപിച്ചത്. അര്‍ധ രാത്രി 12മണിക്കല്ലെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിനെ വിമര്‍ശിക്കുന്നതില്‍ പരാതിയില്ല. മറ്റുള്ളവരെ വിമര്‍ശിക്കാന്‍ കഴിയാത്തതിനാലാണ് തങ്ങളെ വിമര്‍ശിക്കുന്നതെന്ന്? അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
ചിലയിടത്ത് പൊലീസും ബോധപൂര്‍വമായി ഹര്‍ത്താല്‍ പൊളിക്കാന്‍ ശ്രമിച്ചു. എടപ്പാള്‍,സുല്‍ത്താന്‍ ബത്തേരി, മുക്കം, കൊണ്ടോട്ടി, മുണ്ടൂര്‍ എന്നിവിടങ്ങളില്‍ സമാധാനപരമായി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
