തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ നടപടി വൈകിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം തുടരുകയാണ്. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കാതെ കൂടുതല്‍ നിയമോപദേശത്തിനായി മുഖ്യമന്ത്രി നീങ്ങുയാണ്. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ എജിയോട് (അഡ്വക്കേറ്റ് ജനറല്‍) അഭിപ്രായം തേടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കന്പനി നിയമലംഘനം നടത്തിയെന്ന് കളക്ടര്‍ ടി.വി.അനുപമ വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്നും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കന്പനിയും തോമസ് ചാണ്ടിയും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം തോമസ് ചാണ്ടി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നടപടി വൈകിപ്പിക്കാന്‍ എജിയോട് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്.
വാട്ടര്‍ വേള്‍ഡ് ടൂറിസം കന്പനിയുമായി ബന്ധപ്പെട്ട് കേസ് കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തില്‍ നടപടി ശിപാര്‍ശ ചെയ്ത് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്നുമാണ് തോമസ് ചാണ്ടിയുട വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
