തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് കമ്മ്യൂണിസം കടുത്ത വെല്ലുവിളി നേരിടുന്ന സമയത്താണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് രംഗത്തെത്തിയത്.
ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒന്നാം പേജിലാണ് കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരിത്രവും പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും വ്യക്തമാക്കി കൊണ്ട് വാഷിംഗ്ടണ്‍ പോസ്റ്റ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. കേരള ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കുമായി സംഭാഷണം നടത്തി പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ഗ്രെഡ് ജഫ്രിയും വിദിധി ജോഷിയും ചേര്‍ന്നാണ് ‘കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോഴും സ്വപ്നം കാണാന്‍ സാധിക്കുന്ന അപൂര്‍വ സ്ഥലങ്ങളില്‍ ഒന്ന്’ എന്ന ലേഖനം തയ്യാറാക്കിയത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളം എങ്ങനെ വ്യത്യസ്തമാകുന്നു എന്നും വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും കേരളം കൈവരിച്ച മുന്നേറ്റങ്ങളും കേരളത്തിന്റെ പ്രവാസി സമൂഹം ആഗോള സാമ്ബത്തിക രംഗത്ത് നല്കുന്ന കുറിച്ചും ലേഖനത്തില്‍ പറയുന്നു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സ്വാധീനം ഏറെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പി.കൃഷ്ണപിള്ളയുടെ അനുസ്മരണവേളയിലാണ് ലേഖകര്‍ കേരളത്തിലെത്തിയത്. ചെങ്കൊടിയേന്തി നിരവധിപേര്‍ പങ്കെടുത്ത പ്രകടനത്തെ കുറിച്ചും ലേഖനം പ്രതിപാദിക്കുന്നുണ്ട്.
1957ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ഇന്നും ഇളക്കം തട്ടിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസവുമായും കേരളത്തെ താരതമ്യം ചെയ്യുന്നുണ്ട്.

അതേക്കുറിച്ച് പത്രം പറയുന്നത് ഇങ്ങനെ:
‘ക്യൂബയില്‍ വിപ്ലവം എന്നത് ഒരു പുരാവസ്തുവായി മാറിയിരിക്കുന്നു. ചൈന, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലെ കമ്മ്യൂണിസം മുതലാളിത്വത്തിന്റെ ഭാഗമായി മാറി. ഉത്തരകൊറിയയിലെ കമ്മ്യൂണിസം ആകട്ടെ ആണവ ആയുധങ്ങള്‍ക്ക് ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു. എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസം ഇന്നും ജനകീയത തുടരുകയാണ്’.
‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം കേരളത്തിലെ അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയെ മാറ്റിമറിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫാസിസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ സ്വപ്ന സംസ്ഥാനം പണിതുയര്‍ത്താനാണ് കമ്മ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് തോമസ് ഐസകിനെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ട് പറയുന്നു.

