ചീഫ് ജസ്റ്റിസിനെതിരെ അഭിഭാഷകര്‍

കൊച്ചി: ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി ഹൈക്കോടതിയിലെ അഭിഭാഷകര്‍. 28ന് നടന്ന ഹൈക്കോടതി വജ്രജൂബിലി ആഘോഷത്തില്‍ സീനിയര്‍ അഭിഭാഷകര്‍ അടക്കമുള്ളവരെ സ്റ്റേജില്‍ നിന്നും അകറ്റി ബാരിക്കേഡിന് പിന്നിലേക്ക് മാറ്റിയിരുത്തി എന്നാണ് ആക്ഷേപം. സംഭവത്തെ തുടര്‍ന്ന് ഓക്ടോബര്‍ 30ന് സീനിയര്‍ അഭിഭാഷകര്‍ അടിയന്തിര ജനറല്‍ബോഡി ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. ഇന്ന് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ് അസോസിയേഷനും യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു.

രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിലെ ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തി തങ്ങളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിച്ചതായി അഭിഭാഷകര്‍ പറയുന്നു. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിന്റെ കാലഘട്ടത്തില്‍ ഹൈക്കോടതിയിലെ എല്ലാ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുവാനും അഭിഭാഷകരുടെ യോഗം തീരുമാനിച്ചു. പ്രമേയത്തിന്റെ കോപ്പി രാഷ്ട്രപതി, കേന്ദ്ര നിയമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതിയിലെ മറ്റു ജഡ്ജിമാര്‍, ഹൈക്കോടതി അസോസിയേഷന്‍ പ്രസിഡന്റ് എന്നിവര്‍ക്ക് അയച്ചു നല്‍കും.

മുന്‍പ് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷ ചടങ്ങില്‍ നിന്നും എജിയെ ഒഴിവാക്കിയ തീരുമാനത്തില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പ്രതിഷേധം അറിയിച്ച് ചീഫ് ജസ്റ്റിസിന് കത്തും നല്‍കിയിരുന്നു. എജിയെ ഒഴിവാക്കിയതിനെ തുടര്‍ന്ന് സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുവാനും അഭിഭാഷകര്‍ തീരുമാനിച്ചു. തുടര്‍ന്ന് സമാപന സമ്മേളന വേദിയില്‍ എജിയെ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *