ഗെയില്‍: ഭൂമി ഏറ്റെുക്കുന്നില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഗെയില്‍ വാതക പൈപ്പ് ലൈനിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. 20 മീറ്റര്‍ വീതിയില്‍ ഭൂമി ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഭൂമിക്ക് നിയന്ത്രണം വരുമ്പോള്‍ വിളവുകള്‍ക്കും മറ്റും ന്യായമായിട്ടുള്ള നഷ്ടപരിഹാരം നല്‍കുന്നുണ്ട്. മറിച്ച് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ആരുടെയെങ്കിലും വീടിന് നഷ്ടമോ അപകടമോ വരുന്നുണ്ടെങ്കില്‍ അതും പൂര്‍ണമായി പരിഹരിക്കാന്‍ തയ്യാറാണ്. എന്നാല്‍ പൈപ്പ് ലൈന്‍ വേണോ വേണ്ടയോയെന്നത് ഇനി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ല. കേരളത്തിലെ ജനങ്ങളോട് വോട്ട് ചോദിച്ചപ്പോള്‍ പ്രകടന പത്രികയില്‍ ഇക്കാര്യം വ്യക്തമാക്കി അംഗീകാരം നേടിയതാണെന്നും തോമസ് ഐസക് പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് പ്രകൃതിവാതകം ആവശ്യമില്ലെന്ന വാദം ശുദ്ധ അസംബന്ധമാണ്. പ്രകൃതിവാതകം കൊണ്ടുപോകുന്നതിന് ഏറ്റവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ മാര്‍ഗം പൈപ്പ് ലൈനാണ്. ഇതിനെ എതിര്‍ക്കുന്ന എസ്.ഡി.പി.ഐ പോലുള്ള ചില വര്‍ഗീയ പ്രസ്ഥാനങ്ങള്‍ പോപ്പുളിസ്റ്റ് മുദ്രാവാക്യങ്ങളുയര്‍ത്തി ജനപിന്തുണ നേടാനാണ് ശ്രമിക്കുന്നത്. ദേശീയപാതയുടെ വീതി കൂട്ടുന്നതിനും എം.ആര്‍ വാക്‌സിനും അവര്‍ എതിരാണ് . മതചിഹ്നങ്ങളെ ഈ പ്രക്ഷോഭങ്ങളില്‍ ഉപയോഗപ്പെടുത്തി വര്‍ഗീയമായി ചേരി തിരിക്കാനും അവര്‍ക്ക് മടിയില്ലെന്നും ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *