മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം സര്‍ക്കാര്‍ സൃഷ്ടിയെന്ന് ചെന്നിത്തല

കോഴിക്കോട്: കോഴിക്കോട് മുക്കത്തെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ നാട്ടുകാരുടെ സമരം സംസ്ഥാന സര്‍ക്കാറിന്റെ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. യു.ഡി.എഫ് ഗെയില്‍ പദ്ധതിയെ എതിര്‍ത്തിട്ടില്ല. സമരം ഏറ്റെടുക്കുമെന്ന് യു.ഡി.എഫ് ഒരിടത്തും പറഞ്ഞിട്ടില്ല. വികസന വിരോധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ദേശിച്ചത് വി.എസ് അച്യുതാനന്ദനെയാകുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ അഴിമതിയാണെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ ത്വരിതാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ കെ.എം മാണിയുടെയും കെ. ബാബുവിന്റെയും രാജി ആവശ്യപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും സമരങ്ങള്‍ നടത്തിയ ആളുകളാണ് ഇന്ന് സംസ്ഥാന ഭരിക്കുന്നത്. അന്ന് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടവര്‍ ഇന്ന് നിലപാട് മാറ്റിയത് ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.

ത്വരിതാന്വേഷണത്തെകാള്‍ പ്രധാനം ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ആണ്. സര്‍ക്കാര്‍ ഭൂമിയെ കുറിച്ച് അന്തിമ വാക്ക് പറയേണ്ടത് റവന്യൂ ഉദ്യോഗസ്ഥരാണ്. റവന്യൂ അധികൃതര്‍ കൈയേറ്റത്തെ കുറിച്ച് പറഞ്ഞിട്ടും മന്ത്രിയെ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നത് ഗുരുതര തെറ്റാണ്. മന്ത്രിസഭയില്‍ നിന്ന് തോമസ് ചാണ്ടിയെ പുറത്താക്കാന്‍ സാധിക്കാത്തത് എന്തു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ നീക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയാറാകുന്നില്ല. സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന് രാജിവെപ്പിക്കാന്‍ കാണിച്ച ഉല്‍സാഹം തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ല. മന്ത്രി തന്റെ കീഴിലുള്ള കലക്ടര്‍ക്കെതിരെ കേസ് കൊടുത്തത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. സംസ്ഥാനത്തെ സമരങ്ങളോട് സര്‍ക്കാറിന് പുച്ഛമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *