ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് ചെന്നിത്തല

കൊച്ചി: ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം ഭരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പടയൊരുക്കം ജാഥയുടെ കൊച്ചിയിലെ പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനഭരണം ഐ.സി.യുവിലാണ്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, ജിഷ്ണു പ്രണോയ്, ലോ അക്കാദമി വിഷയങ്ങളില്‍ സി.പി.ഐയ്ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് എന്തുകൊണ്ട് സി.പി.ഐ ജോയ്‌സ് ജോര്‍ജ് എം.പിയുടെ കാര്യത്തില്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ് സി.പി.എമ്മും സി.പി.ഐയും . നിയമലംഘനം നടത്തിയ പി.വി.അന്‍വര്‍ എം.എല്‍.എയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണ്. അന്‍വറിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാത്രമല്ല, മുഖ്യമന്ത്രി മാധ്യമങ്ങളോട് അസഹിഷ്ണുത കാണിക്കുന്നത് ശരിയല്ലെന്നും കേരളത്തിലെ മാധ്യമങ്ങളെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *