തിരൂര്‍-കോണ്‍ഗ്രസുകാര്‍ തിരൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫഌക്സ് ബോര്‍ഡുകള്‍ സി.പി.എം. മോഷ്ടിച്ചെന്ന് ആക്ഷേപം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്കിയ പടയൊരുക്കത്തിന്റെ പ്രചരണാര്‍ത്ഥം തിരൂര്‍ നഗരത്തിലും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡുകള്‍ രാത്രിയില്‍ സി.പി.എമ്മുകാര്‍ മോഷ്ടിച്ച് പാര്‍ട്ടി ഏരിയാ സമ്മേളന ബോര്‍ഡുകളാക്കി മാറ്റിയെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. സി.പി.എം നടപടി അപഹാസ്യമാണെന്ന് തിരൂര്‍ മണ്ഡലം യു.ഡി.വൈ.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
നഗരസഭയില്‍ പരസ്യങ്ങള്‍ വക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്ത ഡി.വൈ.എഫ്.ഐ നേതാവിന്റെ ഒത്താശയോടെയാണ് ബോര്‍ഡുകള്‍ മോഷ്ടിച്ചതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. 50 ല്‍പരം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നാണക്കേട് ഉണ്ടാക്കിയ ഈ പ്രവൃത്തിയില്‍ സി.പി.എം നേതാക്കള്‍ മാപ്പു പറയണമെന്ന് തിരൂര്‍ മണ്ഡലം യു.ഡി.വൈ.എഫ് നേതാക്കളായ അഡ്വ. സുബൈര്‍, പി.വി സമദ്, ഇസ്മയില്‍ കണ്ടാത്ത്, യൂസഫ് കോരങ്ങത്ത്, കെ.കെ റിയാസ് എന്നിവര്‍ പറഞ്ഞു.
