മലപ്പുറം: സൊസൈറ്റീസ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനിയേഴ്സ് ഓഫ് അമേരിക്ക എന്ന സൊസൈറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് കേരള ഹൈക്കോടതിയില്‍ അഫിഡവിറ്റ് കൊടുത്ത കമ്പനിയാണ് ഗെയില്‍. എന്നാല്‍ അതനുസരിച്ചുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ ഒന്നുംതന്നെ ഗെയില്‍ അധികൃതര്‍ പാലിക്കുന്നില്ല. നിയമലംഘനം നടത്തിയും കഷ്ടനഷ്ടങ്ങള്‍ക്ക് വിധേയരാകുന്നവരെ മര്‍ദ്ദിച്ചും തോന്നുംപടി ഗെയില്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുപോവുകയാണ് അധികൃതര്‍ ചെയ്യുന്നത്.
നിയമത്തില്‍ പറയുന്നതുപോലെ 8 കിലോമീറ്ററില്‍ ഒരു വാല്‍വ് എന്ന മാനദണ്ഡവും വര്‍ഷത്തിലൊരിക്കലെങ്കിലും ഉത്സവം നടക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയും ഭാവിയില്‍ ജനനിബിഡമാകുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയും കൊണ്ടുപോകണമെന്നാണ് എഞ്ചിനിയേഴ്സ് ഓഫ് അമേരിക്ക എന്ന സൊസൈറ്റിയുടെ നിര്‍ദ്ദേശം എന്ന് കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ 12 മണിക്കൂര്‍ ധര്‍ണ്ണ വെസ്റ്റ്കോഡൂര്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ വാല്‍വ് പ്രദേശത്തെ സമാപനസമ്മേളനത്തില്‍ പ്രസംഗിക്കവെ മൂസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കാനും ജനവാസ മേഖല ഒഴിവാക്കാനും ഗെയില്‍ അധികൃതര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്കാന് പിണറായി നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തയ്യാറാവണമെന്നും യു.എ ലത്തീഫ് കൂട്ടിചേര്‍ത്തു.
ചടങ്ങില്‍ വി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഉമ്മര്‍ അറക്കല്‍, എം.പി മുഹമ്മദ്, യൂസഫ് തറയില്‍, അബ്ബാസ് പൊന്നേത്ത്, കുഞ്ഞിമുഹമ്മദ് കുന്നത്ത്, പി.ടി റാഫി മാസ്റ്റര്‍, പി.സി മുഹമ്മദ് കുട്ടി, എം.ടി ബഷീര്‍, ടി. മുജീബ്, സി.എച്ച് യൂസഫ് പ്രസംഗിച്ചു.
