അംറേലി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോമനാഥ് ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കെ വിശദീകരണവുമായി രാഹുല്‍ രംഗത്തെത്തി. തന്റെ കുടുംബബംഗങ്ങളെല്ലാം ശിവഭക്തരാണെന്നും എന്നാല്‍ മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ വ്യാപാരികളുമായി സംവദിക്കുന്നതിനിടയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ മുത്തശ്ശിയായ ഇന്ദിരാഗാന്ധിയും കുടുംബവും ശിവഭക്തരായിരുന്നു. എന്നാല്‍ ഇത്തരം വിവരങ്ങള്‍ ഞങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കും. അത് വ്യക്തിപരമായ കാര്യമാണെന്നിരിക്കെ മതത്തേയോ വിശ്വാസത്തേയോ കുറിച്ച് ഞങ്ങള്‍ സംസാരിക്കാറോ പരസ്യപ്പെടുത്താറോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി,
