ചുഴലിക്കാറ്റ്: കണ്ടെത്താനുള്ളത് 102 പേരെ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ കടലില്‍ അകപ്പെട്ട 102 മത്സ്യതൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലത്തേതുപോലെ വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ് മെന്റിന്റെയും ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചില്‍ പുനരാരംഭിച്ചത്. കേന്ദ്ര, സംസ്ഥന ദുരന്ത നിവാരണ അതോറിട്ടികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ പൂന്തുറ, അടിമലത്തുറ, വിഴിഞ്ഞം, വെട്ടുകാട് തുടങ്ങി ഭാഗങ്ങളില്‍ നിന്നുപോയ മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ഉറ്റവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് ഈ തീരങ്ങളിലെങ്ങും. രാവിലെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ മടങ്ങിവരുന്നതും കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. ഓരോ ബോട്ടുകളും കരയ്‌ക്കെടുക്കുമ്‌ബോള്‍ പ്രതീക്ഷയോടെ അവര്‍ തീരത്തേക്കോടും. തങ്ങളുടെ ഉറ്റവര്‍ അതിലുണ്ടോയെന്ന് അറിയാന്‍. രാവിലെയും കാണാതായവര്‍ക്കായുള്ള കാത്തിരിപ്പ് ഈ തീരങ്ങളില്‍ തുടരുകയാണ്. ദുരന്തത്തില്‍ ഇന്നലെവരെ ആറ് പേരാണ് മരണപ്പെട്ടത്. 218 പേരെ രക്ഷപ്പെടുത്തിയിരുന്നു.
യന്ത്രത്തകരാറിനെ തുടര്‍ന്നും ഇന്ധനം തീര്‍ന്നും പുറം കടലില്‍ ഒഴുകി നടക്കുന്ന ബോട്ടുകളില്‍ കുടുങ്ങിയവരെയും തകര്‍ന്ന വള്ളങ്ങളില്‍ തൂങ്ങി കടലില്‍ കഴിയുന്നവരെയും അടിയന്തരമായി കരയ്‌ക്കെത്തിക്കാനുള്ള നടപടികളാണ് ഇന്ന് പുരോഗമിക്കുന്നത്. കിടപ്പാടം പണയപ്പെടുത്തിയും കടം വാങ്ങിയും സ്വന്തമാക്കിയ ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും തങ്ങള്‍ക്കൊപ്പം കരയ്‌ക്കെത്തിക്കണമെന്ന നിലപാടാണ് അവര്‍ രക്ഷാ പ്രവര്‍ത്തകരോട് പങ്കുവയ്ക്കുന്നത്.

ബോട്ടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും കരയ്‌ക്കെത്തിക്കാമെന്നോ നഷ്ടപരിഹാരം സംബന്ധിച്ചോ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് നല്‍കണമെന്ന നിലപാടില്‍ തുടരുന്ന ഇവര്‍ക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ ഇന്നലെ എത്തിച്ചു നല്‍കിയിരുന്നു. ബന്ധുക്കളുടെ സഹായത്തോടെ അനുരഞ്ജനം നടത്തി ഇവരെ തീരത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. വിഴിഞ്ഞം, പൂന്തുറ, വലിയതുറ, അടിമലത്തുറ, വെട്ടുകാട്, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് ഇപ്പോഴും കടലിലുള്ളത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കുളച്ചല്‍ എന്നിവിടങ്ങളില്‍ നിന്നും കടലില്‍ കാണാതായവരും കേരള തീരത്തെത്തിയതായ അഭ്യൂഹത്തെ തുടര്‍ന്ന് തമിഴ്‌നാട് ഫിഷറീസ് ഉദ്യോഗസ്ഥരും ഇവിടേക്ക് എത്തുന്നുണ്ട്.
കന്യാകുമായിരില്‍ നിന്നും രാവിലെ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട അവര്‍ തമിഴ് നാട്ടിലെ വിവിധ തീരങ്ങളില്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ എത്തിയതായുള്ള സൂചനകളും കൈമാറിയിട്ടുണ്ട്.തമിഴ്‌നാട്ടിലെ വിവിധ തീരങ്ങളില്‍ രക്ഷപ്പെട്ടെത്തിവരെ ഉടന്‍ കൈമാറാന്‍ ജില്ലാ ഭരണകൂടം തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഓഖി ഭീതിയില്‍ കഴിയുന്ന തീരപ്രദേശത്ത് കടലില്‍ പോയ പകുതിയോളം മത്സ്യതൊഴിലാളികളെ സുരക്ഷിതരായി തിരികെയെത്തിക്കാനായത് ആശങ്കകള്‍ക്ക് അയവ് വരുത്തിയിട്ടുണ്ട്. ഇതോടെ സംഘര്‍ഷം മുറ്റി നിന്ന തീരത്ത് ഇന്ന് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശികമായുള്ള പിന്തുണയും സഹായവും ലഭിച്ച് തുടങ്ങി.

അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കാനും സൗജന്യചികിത്സയും റേഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് ചുഴലി മുന്നറിയിപ്പിനൊപ്പം ബോട്ടുകളും മത്സ്യതൊഴിലാളികളും കടലില്‍ കുടുങ്ങിയിട്ടുള്ള വിവരം കോസ്റ്റ് ഗാഡ് കൈമാറിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ സഹായവും തേടിയിട്ടുണ്ട്. ബോട്ടുകള്‍ നിയന്ത്രണമില്ലാതെ പുറംകടലില്‍ ഒഴുകി നടക്കുന്ന ബോട്ടുകള്‍ ചരക്കുകപ്പലുകളില്‍ ഇടിക്കാനും കടല്‍ക്ഷോഭത്തില്‍ തകരാനും സാദ്ധ്യതയുണ്ടെന്ന് നാവികസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് കപ്പലുകളും രണ്ട് വിമാനങ്ങളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. കടല്‍ പ്രക്ഷുബ്ധമാണെങ്കിലും നാവികസേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരത്തിന്റെ വടക്കന്‍ തീരമായ അഞ്ചുതെങ്ങില്‍ ഏതാനും മത്സ്യതൊഴിലാളികള്‍ കടലില്‍ ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുതെങ്ങ് എസ്.ഐയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ സഹകരണത്തോടെ ഇവിടെയും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കടലില്‍ നിന്ന് രക്ഷപ്പെടുത്തി മെഡിക്കല്‍ കോളജ് , ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായി എത്തിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദുരന്തത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 82 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ദുരന്തത്തില്‍ മരണപ്പെട്ട പൂന്തുറ സ്വദേശി ലൂയിസ് സേവ്യര്‍ (56), ക്രിസ്റ്റി സെല്‍വന്‍ (45) എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ മൈക്കിളിനെ രണ്ടാം വാര്‍ഡിലെ ഐ.സിയൂണിറ്റിലേക്ക് മാറ്റി. മൈക്കിളുള്‍പ്പെടെ 43 പേര്‍ ഇവിടെ ചികിത്സയിലുണ്ട്. ജനറല്‍ ആശുപത്രിയില്‍ 39 പേരാണ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *