ഓഖി ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഒരു ദുരന്തംതന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 400 ഓളം പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം നാലു ലക്ഷത്തില്‍ നിന്ന് പത്തുലക്ഷമാക്കി ഉയര്‍ത്തി. പരുക്കേറ്റവര്‍ക്ക് 20,000 രൂപയും നല്‍കും. ചുഴലിക്കാറ്റ് കേരളത്തില്‍ അപൂര്‍വ്വമായതിനാല്‍ ദുരന്തമായി കണ്ടുതന്നെയാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്.

എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തെ സമീപിക്കുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
പരുക്കേറ്റവര്‍ക്ക് 15,000 രൂപ സര്‍ക്കാര്‍ സഹായവും 5000 രൂപ ക്ഷേമനിധിയില്‍ നിന്നും നല്‍കും. മത്സ്യവകുപ്പിന്റെ മറ്റ് സഹായങ്ങള്‍ക്ക് പുറമേയാണിത്. ദുരിതം നേരിടുന്ന മേഖലകളില്‍ ഒരാഴ്ച സൗജന്യ റേഷന്‍ അനുവദിച്ചു. ബോട്ട് നഷ്ടപ്പെട്ട് ന്യായമായ നഷ്ടപരിഹാരം നല്‍കും. മത്സ്യബന്ധന വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരിക്കും നഷ്ടപരിഹാരം അനുവദിക്കുക. പരുക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യസഹായവും ഭക്ഷണവും നല്‍കിവരുന്നു.
529 കുടുംബങ്ങളെ 30 ക്യാംപുകളിലായി മാറ്റിപ്പാര്‍പ്പിച്ചു. ഇവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കും.

രക്ഷാപ്രവര്‍ത്തനത്തില്‍ നാവികസേനയും വ്യോമസേനയും കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തില്‍ അഭിനന്ദനാര്‍ഹമായ പങ്ക് വഹിക്കുന്നു. സൈന്യുവും സര്‍വ്വസജ്ജമായി നില്‍ക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ സഹായവും ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നും നല്ല സഹകരണം ലഭിച്ചു. സംഘടനകളും സാമുഹിക പ്രവര്‍ത്തകളും സഭകളും ക്രിയാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്. അവരോടും നന്ദി രേഖപ്പെടുത്തുന്നു.
ഭാവിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ സന്ദേശം എത്തിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. കടലില്‍ കാണാതായവരുടെ എല്ലാം കണക്ക് എടുത്തുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചുഴലിക്കാറ്റ് ഒരു ദുരന്തം തന്നെയാണ്. ആ നിലയ്ക്ക് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ദുരന്തത്തിന്റെ ഭാഗമായി ചെയ്യാന്‍ കഴിയുന്നതിന് അപ്പുറമാണ് നല്‍കുന്നത്. അതുകൊണ്ടാണ് ധനസഹായം നാല് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തിയത്.
ജപ്പാന്‍ മര്‍ച്ചന്റ് നേവി കപ്പലില്‍ 60 പേരെ കൊണ്ടുവന്നു എന്ന വ്യാജവാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരമൊകരു ദുരന്തമുണ്ടാകുമ്‌ബോള്‍ നമ്മുടെ നാട്ടില്‍ ചില മനോരോഗികള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത് അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജപ്പാന്‍ കപ്പലില്‍ 60 പേരെ വിഴിഞ്ഞത്തുകൊണ്ടുവരുന്നുവെന്ന് തീരത്ത് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ രാത്രി വൈകിയും കപ്പല്‍ എത്താതെ വന്നതോടെ തീരപ്രദേശത്ത് പ്രതിഷേധവുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *