രക്ഷാപ്രവര്‍ത്തനത്തിനാണ് പ്രാമുഖ്യം; വിവാദങ്ങള്‍ക്കില്ല നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: കടലില്‍ കാണാതായവരെക്കുറിച്ചുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്നും ഈ സമയത്ത് വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. താന്‍ ഇന്ന് വിഴിഞ്ഞത്തും പൂന്തുറയിലും സന്ദര്‍ശനം നടത്തിയിരുന്നു. അവിടത്തെ സ്തീകളും പുരുഷന്മാരടക്കമുള്ള മത്സ്യത്തൊഴിലാളികള്‍ ഒന്നാകെ ആശങ്കയിലാണ്. കടലില്‍ കാണാതായ എല്ലാവരേയും തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാവരും തിരിച്ചെത്തുന്നതുവരെ തെരച്ചില്‍ അവസാനിപ്പിക്കുകയോ മന്ദീഭവിപ്പിക്കുയോ ചെയ്യില്ല എന്നും മന്ത്രി ഉറപ്പ് നല്‍കി.
ചുഴലിക്കാറ്റ് അടിച്ച് 15 ദിവസങ്ങള്‍ക്ക് ശേഷം കാണാതായവരെ രക്ഷപ്പെടുത്തിയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. അതിനാല്‍ കടലില്‍ അകപ്പെട്ടവരെയെല്ലാം ജീവനോടെ തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. ആരും പ്രതീക്ഷ കൈവിടരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

 
നേവി, കോസ്റ്റ് ഗാര്‍ഡ് എന്നീ വിഭാഗങ്ങള്‍ താനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഓരോ ആളെയും രക്ഷിക്കുമ്‌ബോള്‍ അവര്‍ അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. 30 മുതല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്.
കേരളത്തിനായി കേന്ദ്രം ദുരിതാശ്വാസഫണ്ട് പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കേരളത്തിലെ സ്ഥിതി താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ഫിഷറീസ് വകുപ്പ് മന്ത്രിയേയും അറിയിക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇത്തരം ചോദ്യങ്ങളെല്ലാം മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മന്ത്രി അതൃപ്തിയോടാണ് പ്രതികരിച്ചത്. വിവാദങ്ങള്‍ക്കല്ല, രക്ഷാപ്രവര്‍ത്തനത്തിനാണ് താന്‍ ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *