ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേള 27 ന്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലാ ചലച്ചിത്ര പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 27 മുതല്‍ 30 വരെ സര്‍വകാശാലാ കാംപസില്‍ ‘ദര്‍ശിനി’ അന്തര്‍ദേശീയ ചലച്ചിത്രമേള നടത്തുമെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അറിയിച്ചു. 27 ന് രാവിലെ 10 ന് കാംപസില്‍ നടക്കുന്ന പരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് മേള ഉദ്ഘാടനം ചെയ്യും. 30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്ര നടന്‍ മധു മുഖ്യാതിഥിയാകും. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് മധുവിന് ‘ദര്‍ശിനി’ അവാര്‍ഡ് പരിപാടിയില്‍ സമ്മാനിക്കും. ചൈതന്യ തംഹാനി സംവിധാനം ചെയ്ത മറാത്തി ചിത്രം കോര്‍ട്ട് ആണ് ഉദ്ഘാടന ചിത്രം.

ആറ് വിഭാഗങ്ങളിലായി 70 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കരി, ഒരാള്‍പ്പൊക്കം, ഐന്‍, മൈ ലൈഫ് പാര്‍ട്ണര്‍, മണ്‍ട്രോ തുരുത്ത്, വിദൂഷകന്‍, കളിയച്ഛന്‍ തുടങ്ങിയ മലയാള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ വിവിധ ഭാഷകളിലെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഭാരതീയം’ വിഭാഗത്തില്‍ ശ്യം ബെനഗല്‍, മണി കൗള്‍. ഗോവിന്ദ് നിഹലാനി, കേതന്‍ മേത്ത, അപര്‍ണ സെന്‍, കെ.എസ്. സേതു മാധവന്‍, അഞ്ജലി മേനോന്‍, കമാല്‍, കെ. ആര്‍. മനോജ്, വിപിന്‍ വിജയ്, മനോജ് കാന, അവിനാശ് അരുണ്‍, എം. മണികണ്ഠന്‍, നീരജ് ഗായ്‌വാന്‍ എന്നിവരുടെ ചിത്രങ്ങളും ഉണ്ടാകും. ക്ലാസിക്, സമകാലീന, ലോകസിനിമ, റിട്രോസ്‌പെക്ടീവ് വിഭാഗങ്ങളിലായി മറ്റ് പ്രശസ്ത ദേശീയ അന്തര്‍ ദേശീയ സിനിമകളും പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ എട്ട് ഇറാനിയന്‍ ചിത്രങ്ങളും ഉണ്ടാകും. മധു ഇറവങ്കരയാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

Leave a Reply

Your email address will not be published. Required fields are marked *