മോഡിയുടെ ജലവിമാന യാത്രയ്ക്ക് ആളെക്കൂട്ടാന്‍ പണം നല്‍കിയെന്ന്; എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

അഹമ്മദാബാദ് :  ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണത്തിനുള്ള അവസാനദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജലവിമാന യാത്രയ്ക്ക് ആളെ കൂട്ടാന്‍ പണം നല്‍കിയെന്ന ആരോപണം ശക്തമായി .

സബര്‍മതി നദീതീരത്തേക്ക് പണം നല്‍കിയും ആളുകളെ എത്താന്‍ അണികളെ ആഹ്വാനം ചെയ്യുന്ന ബിജെപി എംഎല്‍എ ഭൂഷണ്‍ ഭട്ടിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു വിവാദം ശക്തമായത്. അന്തരിച്ച ബിജെപി നേതാവ് അശോക് ഭട്ടിന്റെ മകനാണ് ജമന്‍പുര്‍ ഖാദിയ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഭൂഷണ്‍ ഭട്ട്. റോഡ്‌ഷോയ്ക്ക് സുരക്ഷാഅനുമതി ലഭിക്കാത്തതിനെതുടര്‍ന്നാണ് മോഡി ജലവിമാനത്തില്‍ കറങ്ങി പ്രചാരണം നടത്തിയത്. സബര്‍മതി നദിയിലൂടെ മെഹ്‌സാന ജില്ലയിലെ ധരോയ് ഡാമിലേക്കായിരുന്നു ജലയാത്ര.

കൂടുതല്‍ പ്രവര്‍ത്തകരെ എത്തിക്കണമെന്നും ഇതിനായുള്ള പണം എത്രയായാലും പാര്‍ട്ടി നല്‍കാമെന്നും ഭൂഷണ്‍ ഭട്ട് പറയുന്നതായി വിഡിയോയിലുണ്ട്.തെരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് ചിന്തിക്കുന്നില്ല. മാതൃകാ പെരുമാറ്റച്ചട്ടത്തെ മാനിക്കേണ്ടതില്ല. ബിജെപി പതാകയുമായി കുറഞ്ഞത് 3000  4000 ഇരുചക്ര വാഹനയാത്രക്കാരെ എത്തിക്കണം. ഇതിനായി എത്ര പണം വേണമെങ്കിലും നല്‍കാം. ഇരുചക്ര വാഹനയാത്രികര്‍ക്ക് പെട്രോള്‍ കാശ് തിരികെ നല്‍കും. റാലിയില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 1000 മുതല്‍ 3000 രൂപ വരെ നല്‍കും. വീഡിയോയില്‍ ഭൂഷണ്‍ ഭട്ട് പറയുന്നുണ്ട്

അതേസമയം, ഭൂഷണ്‍ ഭട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു. ജമന്‍പുര്‍ ഖാദിയ മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസറാണ് വിഡിയോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ വിശദീകരണം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *