നിലവിലെ ഏറ്റവും മൂല്യമുള്ള കറൻസി 2000 പിന്വലിച്ചേക്കുമെന്നു അഭ്യൂഹം. രണ്ടായിരം രൂപ നോട്ട് പടിപടിയായി പിൻവലിക്കാൻ നീക്കം നടക്കുന്നുവെന്നാണ് അഭ്യൂഹം. റിസർവ് ബാങ്ക് ഇത് വരെ അടിച്ച നോട്ടിന്റെ മൂല്യവും നിലവിൽ വിപണിയിലുള്ള രണ്ടായിരം രൂപ നോട്ടുകളുടെ മൂല്യവും തമ്മിലുള്ള അന്തരമാണ് അഭ്യൂഹങ്ങൾക്ക് കാരണം.
എസ് ബി ഐയിലെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് അച്ചടിച്ച 2000 രൂപ നോട്ടുകളുടെ ഒരു ഭാഗം ഇനിയും വിപണിയിൽ എത്തിയിട്ടില്ല എന്ന സൂചന ഉള്ളത്. ഈ മാസം എട്ടു വരെ വ്യാപാരത്തിലിരുന്ന ഉയർന്ന നോട്ടുകളുടെ മൂല്യം 13. 3 ലക്ഷം കോടി രൂപയാണ്. ധനമന്ത്രാലയം ലോക്സഭയിൽ നൽകിയ കണക്കനുസരിച്ചു 16,957 ലക്ഷം കോടി 500 രൂപ നോട്ടുകളും 3,654 ദശലക്ഷം കോടി 2000 രൂപ നോട്ടുകളുമാണ് അച്ചടിച്ചത്. ഇവയുടെ മൊത്തം മൂല്യം 15.7 ലക്ഷം രൂപയാണ്. അതായത് ഉയർന്ന നോട്ടുകളിൽ 2.4 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഇനിയും വിപണിയിലെത്തിയിട്ടില്ല. രണ്ടായിരത്തിന്റെ നോട്ട് ഉപയോഗിച്ചുള്ള ഇടപാടുകൾ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് റിസർവ് ബാങ്ക് ഇവയുടെ അച്ചടി നിർത്തുകയോ അച്ചടിക്കുന്ന നോട്ടുകളുടെ എണ്ണം കുറയ്ക്കുകയോ ചെയ്തിരിക്കാമെന്നു ഘോഷിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
