സര്‍വകലാശാല ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍വകലാശാല സമിതികളിലേക്ക് അരനൂറ്റാണ്ടായി പിന്തുടരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിച്ച് കേരളസര്‍വകലാശാലയെ തങ്ങളുടെ വരുതിയിലാക്കാനുള്ള സിപിഐഎം നീക്കത്തിന്റെ ഭാഗമാണ് കേരളസര്‍വകലാശാലാ നിയമഭേദഗതി ഓര്‍ഡിനന്‍സെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയലക്ഷ്യത്തോടെ ജനാധിപത്യ വിരുദ്ധമായി കൊണ്ടു വന്നിട്ടുള്ള ഈ ഓര്‍ഡിന്‍സ് പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 164 കോളെജുകളില്‍ 120 എണ്ണം സ്വകാര്യമേഖലയിലാണ്. ഈ കോളെജുകളിലെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും എണ്ണത്തിന് ആനുപാതികമായി നിശ്ചയിച്ചിട്ടുള്ള സര്‍വകലാശാലാ സമിതികളുടെ നിലവിലുള്ള പ്രാതിനിധ്യം വെട്ടിക്കുറയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. പുതുതായി നിലവില്‍ വന്ന കേരളാ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും പ്രാതിനിധ്യം വര്‍ധിപ്പിക്കുകയും മറ്റ് സര്‍വകലാശാലകളില്‍ ഈ പ്രാതിനിധ്യം പഴയ പടി നിലനിര്‍ത്തുകയും ചെയ്യുമ്‌ബോള്‍ കേരള സര്‍വകലാശാലയില്‍ മാത്രം ഈ വിഭാഗത്തിന്റെ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

അഫിലിയേറ്റഡ് കോളെജുകളിലെ പ്രിന്‍സിപ്പല്‍മാരെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് എന്നിങ്ങനെ തരംതിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണം ചെയ്യില്ല. നിലവിലുള്ള സിന്‍ഡിക്കേറ്റിനെ വളഞ്ഞ വഴിയിലൂടെ പിരിച്ചുവിടാനുള്ളഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *