നിതാഖാത്ത് മൂന്നാംഘട്ടം അണിയറയില്‍

ജിദ്ദ: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം വ്യാപകമാക്കുന്നതിനായി അഞ്ചു വര്‍ഷം മുമ്പ് സര്‍ക്കാര്‍ തുടക്കം കുറിച്ച നിതാഖാത്ത് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍. ആദ്യ രണ്ടുഘട്ടങ്ങളിലൂടെ നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയ നിതാഖാത്ത് പദ്ധതി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വലിയ ഭീഷണിയായിരുന്നു.

സൗദിയിലെ കമ്പനികളില്‍ നിശ്ചിത എണ്ണം സ്വദേശികളെ നിര്‍ബന്ധമായും നിയമിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് നിതാഖാത്ത് നടപ്പായത്. അതോടൊപ്പം സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലിയെടുക്കുന്ന വിദേശികളെ പിടികൂടാനുള്ള നടപടികളുമുണ്ടായി.ആദ്യ രണ്ടുഘട്ടങ്ങള്‍ എറെകുറെ പൂര്‍ത്തിയാക്കിയ ശേഷമാണ് മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നത്.ഉയര്‍ന്ന തസ്തികകളില്‍ സൗദികളെ നിയമിക്കുക, വനിതാജീവനക്കാര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക എന്നീ കാര്യങ്ങള്‍ക്കാണ് മൂന്നാംഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നതെന്ന് സൗദി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദിയിലെ പ്രമുഖ മലയാള പത്രമായ മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.നിതാഖാത്ത് നിബന്ധനകള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് സൗദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *