തോമസ് ചാണ്ടി അനധികൃതമായി നിലം നികത്തി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കായല്‍ കൈയേറ്റവിഷയത്തില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി കൈയേറിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഗ്രഹചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി ജനുവരി 15 ന് കളക്ടര്‍ക്ക് മുന്‍പാകെ ഹാജരായി മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് കായല്‍ നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ കോടതി നേരത്തെ സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. നിലം നികത്തിയിട്ടുണ്ടെന്ന റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

തോമസ് ചാണ്ടി നിയമം ലംഘിച്ച് കായലും നിലവും നികത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിലം നികത്തിലില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്ബനിക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലം നികത്തല്‍ സംബന്ധിച്ച് എന്തെങ്കിലും വിശദീകരണമോ രേഖകളോ നല്‍കാന്‍ കമ്ബനിക്ക് സാധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നേരത്തെ കളക്ടര്‍ നടത്തിയ ഹിയറിംഗില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്ബനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ കമ്ബനിക്ക് കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, സര്‍ക്കാര്‍ കൈമാറിയ റവന്യൂരേഖകളില്‍ വ്യക്തത ഇല്ലെന്നാണ് തോമസ് ചാണ്ടിയുടെ വാദം. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ കോടതിയോ സര്‍ക്കാരോ തയ്യാറായില്ല. ഇക്കാര്യങ്ങളെല്ലാം കളക്ടര്‍ക്ക് മുന്‍പില്‍ പറയാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കായല്‍ കൈയേറിയെന്ന പാരതിയില്‍ തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. പരാതിയില്‍ കഴമ്ബുണ്ടെന്നും തോമസ് ചാണ്ടിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുമുള്ള വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *