തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒഴിവാക്കിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നുവെന്ന പരാമര്‍ശമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയത്. ഗവര്‍ണറുടെ നടപടി വിവാദമായതിനെ തുടര്‍ന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നുവെന്ന പരാമര്‍ശവും ഗവര്‍ണര്‍ ഒഴിവാക്കിയെന്നാണ് ആരോപണം. ഫെഡറല്‍ സംവിധാനത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ സംസ്ഥാനത്തിന്റെ നയപ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഈ ഭാഗം ഒഴിവാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കേരളം ക്രമസമാധാനത്തിന് ഏറെ മുന്നിലാണെന്നും, ഇത് തകര്‍ക്കാന്‍ വര്‍ഗീയ സംഘടനകള്‍ ശ്രമം നടത്തുന്നുവെന്നുമുള്ള നയപ്രഖ്യാപനത്തിലെ പരാമര്‍ശങ്ങള്‍ക്ക് ശേഷമായിരുന്നു കേന്ദ്രത്തിന് എതിരെയുള്ള വിമര്‍ശനം.
സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ട് ജില്ല തദ്ധേശ ഭരണാധികാരികളുമായി നേരിട്ട് ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന ഭാഗമാണ് ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയത്. അതേ സമയം ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. ക്രിയാത്മകമായി ജിഎസ്ടി നടപ്പാക്കാത്തത് സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു.
