നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കിയത് മനപ്പൂര്‍വം: ചെന്നിത്തല

തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളാണ് ഒഴിവാക്കപ്പെട്ടത്. പ്രസക്തമായ ഭാഗങ്ങളാണ് വിട്ടുപോയതെന്നും ഇത് നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില ഭാഗങ്ങള്‍ വായിക്കാതിരുന്നത് തെറ്റായ നടപടിയാണ്. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം ആയതിനാലാണ് ആ ഭാഗം ഒഴിവാക്കിയത്. പാര്‍ലമെന്ററി ജനാധിപത്യ രീതിയില്‍ പാലിക്കേണ്ട സാമാന്യ മര്യാദ ഗവര്‍ണര്‍ പാലിച്ചില്ല. ഈ നടപടി ജനാധിപത്യവിരുദ്ധം. വിട്ടുപോയ ഭാഗങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ച്‌ ഒന്നും പറയാതെ ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കണം. ചെന്നിത്തല പറഞ്ഞു.

ഗവര്‍ണര്‍ വിളിച്ചാല്‍ മുട്ടുവിറച്ച്‌ ഓടിച്ചെല്ലുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാരിന് താത്പര്യം ഉണ്ടെങ്കില്‍ ഒരു പ്രമേയം അവതരിപ്പിച്ച്‌ വിട്ടുപോയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കണം. ഇക്കാര്യങ്ങളെല്ലാം സ്പീക്കറോട് സംസാരിച്ചിട്ടുണ്ട്. ചെന്നത്തല പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ പടയൊരുക്കം ജാഥ ഒരുകോടിയിലധികം ഒപ്പു സമാഹരണം നടത്തിയിട്ടുണ്ട്. ഫെബ്രുവരി ആറിന് തിരുവനന്തപുരം മുതല്‍ കൊല്ലം വരെ യുഡിഎഫ് പ്രതിഷേധക്കോട്ട തീര്‍ക്കും. ഒരു കിലോമീറ്ററിനുള്ളില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെട്ടുക്കും. രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *